തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്ന ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അടുത്ത ബുധനാഴ്ച കേരളത്തിലെത്തും. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരെയാണു പ്രതിനിധികളായി കേന്ദ്രനേതൃത്വം നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂടാതെ ഘടക കക്ഷി നേതാക്കളുമായും ഇവര്‍ ആശയ വിനിമയം നടത്തുമെന്നാണ് വിവരം. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തുടരുമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
കോണ്‍ഗ്രസിലെ 21 എം.എല്‍.എ.മാരും കെ.പി.സി.സി. പ്രസിഡന്റുമായാണ് ചര്‍ച്ച. കോണ്‍ഗ്രസിന്റെ നേതാവ് സ്വാഭാവികമായും പ്രതിപക്ഷ നേതാവു കൂടി ആയതിനാലാണ് ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം തേടുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ വിവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏകാഭിപ്രായം ആയിട്ടില്ല. പൊതു പിന്തുണ ഉണ്ടെങ്കില്‍ തുടരാം എന്ന മനോഭാവം രമേശ് ചെന്നിത്തലയ്ക്കുണ്ട്. എന്നാല്‍ 2016-ല്‍ നേടിയ സീറ്റ് തന്നെ യു.ഡി.എഫിനു നേടാന്‍ സാധിക്കാത്തതിനാല്‍ അടുത്ത തലമുറയ്ക്കായി അദ്ദേഹം മാറണമെന്നു നിര്‍ദേശിക്കുന്നവരുണ്ട്. ഐ വിഭാഗത്തിലെ തന്നെ വി.ഡി. സതീശന്റെ പേരാണ് ഉയരുന്നത്. കാര്യങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള സാമര്‍ഥ്യവും ദീര്‍ഘകാലത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഐ വിഭാഗത്തിനു 12 പേരുണ്ട്. എ വിഭാഗത്തിന് ഒന്‍പതും. അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം തീരുമാനം എന്നാണു നേതൃത്വത്തിലെ വികാരം. ഉമ്മന്‍ചാണ്ടി മനസ് തുറന്നിട്ടില്ല. എ വിഭാഗത്തിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ടെങ്കിലും അവര്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഗ്രൂപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ് ഇക്കാര്യത്തില്‍ പ്രധാനമായി എല്ലാവരും കാണുന്നത്. കേരളത്തിലെത്തി എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്തു രൂപീകരിക്കുന്ന അഭിപ്രായം ഹൈക്കമാന്‍ഡിന് ഇരു നേതാക്കളും കൈമാറും. അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന രീതിയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാവിനെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികളുടെ നിലപാട് നേരിട്ടു പ്രസക്തമല്ലെങ്കിലും അവരെക്കൂടി വിശ്വാസത്തിലെടുത്തു നീങ്ങാനാണ് കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.