ടൂറിസം മേഖലയ്ക്ക് ഉണർവായി അറേബ്യന്‍ ട്രാവല്‍ മാ‍ർട്ടിന് തുടക്കം; എല്ലാവ‍ക‍ർക്കും സ്വാഗതമെന്ന് ദുബായ് ഭരണാധികാരി

ടൂറിസം മേഖലയ്ക്ക് ഉണർവായി അറേബ്യന്‍ ട്രാവല്‍ മാ‍ർട്ടിന് തുടക്കം; എല്ലാവ‍ക‍ർക്കും സ്വാഗതമെന്ന് ദുബായ് ഭരണാധികാരി

ദുബായ്: 62 രാജ്യങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ട്രാവല്‍ മാ‍ർട്ടിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. 'എല്ലാവർക്കും ദുബായിലേക്ക് സ്വാഗതം, ലോകത്തെ ടൂറിസം വീണ്ടെടുക്കൽ ആരംഭിക്കുന്ന ദുബായിലേക്ക് ഞങ്ങൾ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മനുഷ്യരാശി കടന്നുപോയ തുരങ്കത്തിന്റെ അവസാനത്തിൽ നമുക്ക് വെളിച്ചം കാണാൻ കഴിയും', യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

'ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ പുതിയ പ്രഭാത'മെന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. എക്സിബിഷന്റെ 28 മത് പതിപ്പാണ് ഇത്തവണത്തേത്. എടിഎമ്മിന്റെ ഉദ്ഘാടനം ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി സി.ഇ.ഒയും എമിറേറ്റ്സ്​ ഗ്രൂപ്​ സ്ഥാപകനും ദുബായ് വേൾഡ്​ ചെയർമാനുമായ ഷെയ്ഖ്​ അഹ്​മദ്​ ബിൻ സഈദ്​ അല്‍ മക്​തൂം നിർവ്വഹിച്ചു.

മധ്യപൂർവ്വ ദേശത്തെ തന്നെ ഏറ്റവും വലിയ ടൂറിസം എക്സിബിഷന്‍ മെയ് 19 വരെ നീണ്ടുനില്‍ക്കും. യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേൽ, ഇറ്റലി, ജർമനി, സൈപ്രസ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, മാലിദ്വീപ്, ഫിലിപ്പീൻസ്, തായ്​ലൻഡ്, മെക്സികോ, യു.എസ്​ തുടങ്ങി 62 രാജ്യങ്ങളില്‍ നിന്ന് 1300 സ്ഥാപനങ്ങള്‍ എടിഎമ്മില്‍ പങ്കുചേരുന്നുണ്ട്.

കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് സന്ദ‍ർശകരെ അനുവദിക്കുന്നത്. ഒരേസമയം 11000 പേർക്ക് സന്ദർശനം അനുവദിക്കും. ഹൈബ്രിഡായതിനാല്‍ ഓണ്‍ലൈനായും എക്സിബിഷന്‍ കാണാം. കഴിഞ്ഞ തവണ വെർച്വലായി മാത്രമാണ് എക്സിബിഷന്‍ നടന്നത്. ട്രാവല്‍ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദ‍ർശനം, സെമിനാറുകള്‍, ടൂറിസം നിക്ഷേപ ഉച്ചകോടി, തുടങ്ങിയവ എക്സിബിഷന്റെ ഭാഗമായി നടക്കും.കോവിഡില്‍ കിതയ്ക്കുന്ന ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകും മേളയെന്നാണ് വിലയിരുത്തല്‍.

സന്ദ‍ർശിക്കാന്‍ ആഗ്രഹിക്കുന്നവർ http://www.wtm.com/atm എന്ന വെബ്സൈറ്റില്‍ രജിസ്ട്രർ ചെയ്യണം. എന്നാണ് എക്സിബിഷന്‍ സന്ദ‍ർശിക്കുന്നതെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞാല്‍ ഇ മെയില്‍ വഴി ലഭിക്കുന്ന പ്രവേശന പാസിന്‍റെ പ്രിന്റുമായി എക്സിബിഷനെത്താം. ബുധനാഴ്ചയൊഴികെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. ബുധനാഴ്ച വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം അനുവദിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.