കോവിഡ്: ജല അതോറിറ്റി പിടിച്ച ശമ്പളം ജീവനക്കാർക്ക് ഒറ്റയടിക്കു തിരികെ നല്‍കിയത് വിവാദം

കോവിഡ്: ജല അതോറിറ്റി പിടിച്ച ശമ്പളം ജീവനക്കാർക്ക് ഒറ്റയടിക്കു തിരികെ നല്‍കിയത് വിവാദം

തിരുവനന്തപുരം: ജീവനക്കാരിൽ നിന്നു കഴിഞ്ഞ കോവിഡ് കാലത്തു ജല അതോറിറ്റി പിടിച്ച ഒരു മാസത്തെ ശമ്പളം ഗഡുക്കളായി തിരികെ നൽകണമെന്ന സർക്കാർ ഉത്തരവിനു വിരുദ്ധമായി ചിലയിടങ്ങളിൽ മുഴുവൻ തുകയും ഒറ്റയടിക്കു നൽകിയത് വിവാദത്തിൽ.

അതോറിറ്റിയുടെ ചില ഓഫിസുകളിൽ മുഴുവൻ തുകയും തിരികെ നൽകിയപ്പോൾ മറ്റു ചില ഓഫിസുകളിൽ ഒരു ഗഡു മാത്രം നൽകിയത് ആശയക്കുഴപ്പത്തിനുമിടയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ഉത്തരവു മറികടന്നു മുഴുവൻ തുകയും ജീവനക്കാർക്കു തിരികെ നൽകിയതാണു വിവാദമായത്.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഓരോ മാസവും ആറ് ദിവസമെന്ന കണക്കിലാണു ശമ്പളം പിടിച്ചത്. ഇത് ഈ വർഷം ഏപ്രിൽ മാസത്തെ ശമ്പളം മുതൽ അഞ്ച് ഗഡുക്കളായി ജീവനക്കാർക്കു തിരികെ നൽകാനാണു സർക്കാർ ഉത്തരവിറക്കിയത്.

സർക്കാർ ഉത്തരവു പ്രകാരം മാത്രമേ ജീവനക്കാർക്കു തുക തിരികെ നൽകാവൂവെന്നു ജല അതോറിറ്റി ഫിനാൻസ് മാനേജർ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, സ്പാർക് വഴി ശമ്പളം തയാറാക്കുന്ന ഡ്രോയി‍ങ് ആൻഡ് ഡിസ്ബേഴ്സി‍ങ് ഓഫിസർമാരിൽ(ഡിഡിഒ) ചിലർക്കു വീഴ്ച പറ്റിയെന്നാണു കരുതുന്നത്. അങ്ങനെയാണു കുറേ ജീവനക്കാർക്കു മുഴുവൻ തുകയും ഒരുമിച്ചു കിട്ടിയതെന്നു കരുതുന്നു.

സംസ്ഥാനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലും പിടിച്ച ശമ്പള‍ത്തുക ഒറ്റയടിക്കു തിരികെ നൽകിയിട്ടില്ല. വിഷയം പരിശോധിക്കുമെന്നു ജല അതോറിറ്റി ഉന്നത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ എല്ലാ ഗഡുവും ട്രഷറി മുഖേന ഒരുമിച്ചു ജല അതോറിറ്റിക്കു നൽകിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.