ഡോ. ഷാഹിദ് ജമീല്‍ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ഡോ. ഷാഹിദ് ജമീല്‍ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണമില്ലായ്മയില്‍ പ്രതിഷേധിച്ച് കോവിഡ് വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ രാജിവെച്ചു. ഇന്ത്യന്‍ സാര്‍സ്‌കോവ്-2 ജീനോമിക്‌സ് കണ്‍സോഷിയ (ഇന്‍സാകോഗ്) എന്ന കോവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപവത്കരിച്ച ഉപദേശക സമിതിയില്‍നിന്ന് രാജിവെച്ചതായി അദ്ദേഹം അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനിടയാക്കിയ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ല എന്ന വിമര്‍ശനം ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം നടത്തിയിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചതായി അറിയിച്ചത്.

കോവിഡ് മഹാമാരിയെ രാജ്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ പാളിച്ചകളുണ്ടെന്ന് അടുത്തിടെ ദി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം, മന്ദഗതിയിലുള്ള വാക്സിനേഷന്‍, വാക്സിന്‍ ക്ഷാമം, ഇനിയും കാര്യക്ഷമമായ ആരോഗ്യനപ്രവര്‍ത്തകരുടെ ആവശ്യം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഇന്ത്യയില്‍ കോവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈയിലും ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തെ കോവിഡ് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് 800 ഓളം വിദഗ്ധര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിവരങ്ങള്‍ ലഭിച്ചാല്‍ പഠനം നടത്തി ഫലവത്തായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും രോഗ ബാധയുടെ രീതി എങ്ങനെയാണെന്ന് പ്രവചിക്കാനും സാധിക്കും. എന്നാല്‍ അതിന് സര്‍ക്കാര്‍ ശരിയായ പ്രതികരണമല്ല നല്‍കിയതെന്ന് ഷാഹിദ് ജമീല്‍ വെളിപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.