തിരുവനന്തപുരം: പുതിയ മന്ത്രി സഭയില്‍ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ഇന്ന് തീരുമാനമാകാനിരിക്കെ കേരള കോണ്‍ഗ്രസിന് പൊതുമരാമത്ത് ലഭിച്ചേക്കും. രജിസ്ട്രേഷന്‍ വകുപ്പുകൂടി അധികമായി ലഭിക്കാനും സാധ്യതയുണ്ട്. സി.പി.ഐ വകുപ്പുകളില്‍ വനം ഒഴികെ വലിയ മാറ്റമുണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമില്‍ മന്ത്രി സ്ഥാനമില്ലാത്തതിനാല്‍ തുറമുഖം, മ്യൂസിയം വകുപ്പുകള്‍ മിച്ചമായുണ്ട്.
കൃഷി, സിവില്‍ സപ്ലൈസ്, പൊതുമരാമത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് എന്നതായിരുന്നു അവസാനം കേരള കോണ്‍ഗ്രസിന്റെ ആവശ്യം. സി.പി.ഐയില്‍ നിന്ന് കൃഷി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായിട്ടില്ല. റവന്യൂ, സിവില്‍സപ്ലൈസ്, കൃഷി വകുപ്പുകള്‍ തുടര്‍ന്നും സി.പി.ഐക്കായിരിക്കുമെന്നാണു സൂചന. വനം വിട്ടുനല്‍കുമെങ്കില്‍ ചെറിയ മറ്റേതെങ്കിലും വകുപ്പ് പകരം ലഭിക്കും.
ജനതാദള്‍ എസിന് ജലസേചനം തന്നെ ലഭിച്ചേക്കും. ഗതാഗതം സി.പി.എം ഏറ്റെടുത്ത് എന്‍.സി.പിയുടെ വകുപ്പില്‍ മാറ്റത്തിനു സാധ്യതയുണ്ട്. തീരദേശ മേഖലയുടെകൂടി പ്രതിനിധിയെന്ന നിലയില്‍ ആന്റണി രാജുവിന് ഫിഷറീസ് വകുപ്പിനു സാധ്യതയുണ്ട്.
സി.പി.എം.- 12, സ്പീക്കര്‍, സി.പി.ഐ.- 4, ഡെപ്യൂട്ടി സ്പീക്കര്‍, കേരള കോണ്‍ഗ്രസ് (എം)- 1, ചീഫ് വിപ്പ്, ജെ.ഡി.എസ്.- 1, എന്‍.സി.പി.- 1, ജെ.കെ.സി.- 1 (ആദ്യ രണ്ടരവര്‍ഷം), ഐ.എന്‍.എല്‍-1 (ആദ്യ രണ്ടരവര്‍ഷം), കോണ്‍ഗ്രസ് (എസ്)- 1 (രണ്ടാമത്തെ രണ്ടരവര്‍ഷം), കേരളകോണ്‍ഗ്രസ്(ബി)- 1 (രണ്ടാമത്തെ രണ്ടരവര്‍ഷം) എന്നിങ്ങനെയാണ് മന്ത്രി സ്ഥാനങ്ങള്‍.
അതിനിടെ പാര്‍ട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ നിര്‍ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ നിര്‍വ്വാഹക സമിതിയും ഇന്ന് ചേരും. പരമാവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് ഇരുപാര്‍ട്ടികളിലെയും ധാരണ. കെകെ ഷൈലജയെ മാത്രം നിലനിര്‍ത്തി ബാക്കിയെല്ലാം പുതുമുഖങ്ങള്‍ എന്ന ആലോചന സിപിഎമ്മില്‍ ശക്തമാണ്. എന്നാല്‍ ഷൈലജയടക്കം എല്ലാവരും മാറണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എം.വി ഗോവിന്ദന്‍, പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍, കെ. രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, വി.എന്‍ വാസവന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പി.എം മുഹമ്മദ് റിയാസും എം.ബി രാജേഷുമടക്കമുളവരും പട്ടികയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
നാലുമന്ത്രിമാരും പുതുമഖങ്ങള്‍ എന്ന നിലയിലാണ് സിപിഐയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. പി. പ്രസാദ്, കെ. രാജന്‍, പി.എസ് സുപാല്‍, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍, ഇ.കെ വിജയന്‍ എന്നീ പേരുകളാണ് സിപിഐ പട്ടികയിലുള്ളത്. അന്തിമ തീരുമാനം ഇന്നത്തെ നിര്‍വ്വാഹക സമിതിയില്‍ ഉണ്ടായേക്കും. മെയ് 20 നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.