പുതുമുഖ ശോഭയോടെ ടീം പിണറായി: ഷൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

പുതുമുഖ ശോഭയോടെ ടീം പിണറായി: ഷൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ കേന്ദ്ര നേതൃത്വത്തിന്  കടുത്ത അതൃപ്തി

തിരുവനന്തപുരം: കെ.കെ ഷൈലജ ടീച്ചര്‍ ഇല്ലാതെ രണ്ടാം പിണറായി മന്ത്രിസഭ. തൃത്താലയില്‍ അട്ടിമറി വിജയം നേടിയ സിപിഎം സംസ്ഥാന സമിതിയംഗവും പാലക്കാട് മുന്‍ എംപിയുമായ എം.ബി രാജേഷ് സ്പീക്കറാകും.

കഴിഞ്ഞ മന്ത്രി സഭയില്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഷൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ ഫോണില്‍ വിളിച്ചാണ് സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചത്.

മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കെ. രാധാകൃഷ്ണന്‍, വി. അബ്ദു റഹ്മാന്‍ എന്നിവരാണ് പുതിയ സിപിഎം മന്ത്രിമാര്‍. ഇതില്‍ ബേപ്പൂരില്‍ നിന്നുള്ള മുഹമ്മദ് റിയാസ് അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മന്ത്രി പദവിയിലേക്ക് വരുന്നത്.

കെ.കെ ഷൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ഷൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച.

എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ഷൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. പാര്‍ട്ടി നിയമസഭാ വിപ്പ് സ്ഥാനം ഷൈലജ ടീച്ചര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതാ മന്ത്രിമാരും സിപിഎമ്മില്‍ നിന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മന്ത്രി ടി.പി രാമകൃഷ്ണനെയും തീരുമാനിച്ചു.

സിപിഐയിലെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങളാണ്. കേരള കോണ്‍ഗ്രസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളില്‍ നിന്നും മന്ത്രി സ്ഥാനത്തെത്തുന്നവരും പുതുമുഖങ്ങളാണ്. ജെഡിഎസിലെ കെ. കൃഷ്ണന്‍ കുട്ടി, എന്‍സിപിയില്‍ നിന്നുള്ള എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മാത്രമാണ് മുന്‍ മന്ത്രിസഭയിലുണ്ടായിരുന്ന പഴയ മുഖങ്ങള്‍.

മന്ത്രിമാരുടെ പട്ടിക പാര്‍ട്ടി തിരിച്ച്:


സിപിഎം

1. പിണറായി വിജയന്‍
2. എം.വി.ഗോവിന്ദന്‍
3. കെ.രാധാകൃഷ്ണന്‍
4.കെ.എന്‍ ബാലഗോപാല്‍
5. പി.രാജീവ്
6. വി.എന്‍.വാസവന്‍
7. സജി ചെറിയാന്‍
8. വി.ശിവന്‍ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആര്‍.ബിന്ദു
11. വീണാ ജോര്‍ജ്
12. വി.അബ്ദു റഹ്മാന്‍

സിപിഐ

13. പി.പ്രസാദ്
14. കെ.രാജന്‍
15. ജെ.ചിഞ്ചുറാണി
16. ജി.ആര്‍. അനില്‍

17. റോഷി അഗസ്റ്റിന്‍ - കേരളാ കോണ്‍ഗ്രസ് എം
18. കെ.കൃഷ്ണന്‍കുട്ടി - ജെഡിഎസ്
19. അഹമ്മദ് ദേവര്‍കോവില്‍ - ഐഎന്‍എല്‍
20. ആന്‍ണി രാജു - ജനാധിപത്യ കേരള കോണ്‍?ഗ്രസ്
21. എ.കെ.ശശീന്ദ്രന്‍ - എന്‍സിപി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.