കെ രാജന് റവന്യുവും പി പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും

കെ രാജന് റവന്യുവും പി പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും

തിരുവനന്തപുരം: സി.പി.എമ്മിന് മാത്രമല്ല സി.പി.ഐലും പുതുമുഖ മന്ത്രിമാര്‍. കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍. അനില്‍ എന്നിവര്‍ സി.പി.ഐ. മന്ത്രിമുഖങ്ങളാകും. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും. സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്ന് രൂപം നല്‍കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു.

അനില്‍ ഒഴിച്ചുള്ള മൂന്നുപേരും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ദേശീയ കൗണ്‍സില്‍ അംഗമായ ഇ. ചന്ദ്രശേഖരന്‍ വിജയിച്ചെങ്കിലും മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്താല്‍ ഒഴിവാക്കി. നാലാമത്തെ മന്ത്രിസ്ഥാനത്തേക്ക് വിജയിച്ച സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഞ്ച് പേരുടെ പേരുകള്‍ പരിഗണിച്ചു. ആദ്യമായാണ് എം.എല്‍.എ.യായതെങ്കിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആര്‍. അനിലിന് തീരുമാനം അനുകൂലമായി.

തലസ്ഥാനജില്ലയില്‍നിന്ന് സി.പി.ഐ.ക്ക് മന്ത്രിയുണ്ടാകേണ്ടത് സംഘടനാപരമായ ആവശ്യമാണെന്ന് ജില്ലയുടെ ചുമതലവഹിക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബുവും സമര്‍ഥിച്ചു. മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക് പോയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിഘട്ടത്തില്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ചതും കണക്കിലെടുത്തു.

തിരുവനന്തപുരം ജില്ലയില്‍നിന്ന് സി.പി.ഐക്ക് മന്ത്രിയുണ്ടായിട്ടില്ലെന്നതും പരിഗണിക്കപ്പെട്ടു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കെ.ആര്‍. ഗൗരിയമ്മ മന്ത്രിയായ ശേഷം സി.പി.ഐയില്‍നിന്നുള്ള ആദ്യ വനിതാമന്ത്രിയാണ് ജെ. ചിഞ്ചുറാണി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് പാര്‍ട്ടിയുടെ കൈയില്‍നിന്ന് പോകുമ്പോള്‍ പകരം തുല്യപ്രാധാന്യമുള്ള വകുപ്പ് വേണമെന്ന് മുന്‍ വനംമന്ത്രികൂടിയായ കെ. രാജു നിര്‍ദേശിച്ചു. സി.പി.ഐ. മന്ത്രിമാരുടെ വകുപ്പ് സാധ്യതകള്‍ ഇങ്ങനെയാണ്. കെ. രാജന്‍ റവന്യൂ, രജിസ്ട്രേഷന്‍ പി. പ്രസാദ് കൃഷി ജി.ആര്‍. അനില്‍ സിവില്‍ സപ്ലൈസ് ജെ. ചിഞ്ചുറാണി മൃഗസംരക്ഷണം, ഭവനനിര്‍മാണം.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.