മാതാവിന്റെ വണക്കമാസ വിചിന്തനം പത്തൊമ്പതാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പത്തൊമ്പതാം  ദിവസം

ലൂക്കാ 2:19 മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.

ലൂക്കാ 2:51 അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു,

മറിയം ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു എന്ന് പറയുന്ന ഈ വചനങ്ങളുടെ പശ്ചാത്തലം, ആദ്യത്തേത് ആട്ടിടയർ വഴി സ്വർഗ്ഗത്തിലെ ദൂതൻമാർ പറഞ്ഞ, നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്ന സന്ദേശവും, രണ്ടാമത്തേത് യേശു പറഞ്ഞ, ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണന്ന് നിങ്ങൾ അറിയുന്നില്ലേ എന്ന വചനവും ആണ്.

ഈ വചനങ്ങൾ ഒന്നും അത് കേട്ട മാത്രയിൽ പൂർണ്ണമായ അർത്ഥത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞില്ല (2 :50) എങ്കിൽപോലും അമ്മ അവ ഹൃദയത്തിൽ സംഗ്രഹിച്ചു എന്ന് വചനത്തിൽ നാം വായിക്കുന്നു. അമ്മയുടെ മുൻപോട്ടുള്ള ജീവിത്തിനു കരുത്ത് നൽകിയത് ദൈവത്തിലും, തന്റെ ഹൃദയത്തിൽ സംഗ്രഹിച്ച അവിടുത്തെ വചനങ്ങളിലും ഉള്ള ഉറപ്പും വിശ്വാസവും തന്നെ ആണ് എന്ന കാര്യത്തിൽ സംശയമില്ല.

യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ നാം വായിക്കുന്നു, സംസാരത്തിൽ തെറ്റ് വരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും(3:2). ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത് (ലൂക്കാ 6:45). ഹൃദയത്തിൽ വചനമായ ദൈവത്തെ സൂക്ഷിച്ചാൽ നാവുകൊണ്ട് പാപംചെയ്യാൻ നമുക്ക് സാധിക്കുകയില്ല.
അങ്ങേക്കെതിരായി പാപം ചെയ്യാതിരിക്കേണ്ടതിനു ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു (സങ്കീ 119 :11). ചെറുതോ വലുതോ ആയ പാപങ്ങൾ ചെയ്ത് ദൈവത്തിൽ നിന്ന് അകലാതിരിക്കാൻ വചനത്തെ നമുക്ക് ഹൃദയത്തിൽ സംഗ്രഹിക്കാം.

ഞാൻ ഇന്ന് കല്പിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലായിരിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും അവയെപറ്റി സംസാരിക്കണം(ദിന 6:6 -7).

ഇപ്രകാരം വചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ചാൽ ലഭിക്കുന്ന അനുഗ്രഹമാണ് ജോഷ്വായുടെ പുസ്തകത്തിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്. ന്യായപ്രമാണം എപ്പോഴും നിന്റെ അധരത്തിൽ ഉണ്ടായിരിക്കണം, അതിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാൻ നീ ശ്രദ്ധിക്കണം. അതിനെ കുറിച്ച് രാവും പകലും ധ്യാനിക്കണം അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും(ജോഷ്വാ 1:8).

വിശുദ്ധമായ ഒരു ജീവിതം നയിക്കുവാൻ, ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, ആത്മാവും ജീവനുമായ, ദൈവത്തിന്റെ വചനം ഹൃദയത്തിലും മനസിലും നമുക്ക് സൂക്ഷിക്കാം. ദൈവവചനം വായിക്കുവാനും പഠിക്കുവാനും ഹൃദയത്തിൽ സംഗ്രഹിക്കാനുമുള്ള കൃപക്കായി വചനമായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.