കേരളത്തില്‍ ബ്ലാക്ക് ഫംഗസ്; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാളുടെ കണ്ണ് നീക്കം ചെയ്തു

കേരളത്തില്‍ ബ്ലാക്ക് ഫംഗസ്; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാളുടെ കണ്ണ് നീക്കം ചെയ്തു

തിരുവനന്തപുരം: മലപ്പുറത്തും കൊല്ലത്തും കോവിഡ് രോഗികള്‍ക്ക് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാന്‍ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 22ന് കോവിഡ് ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവേയാണ് തിരൂര്‍ ഏഴൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. കണ്ണിന് മരവിപ്പ് അനുഭവപ്പെടുകയും ശക്തമായ തലവേദനയുണ്ടാകുകയും ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു. ഈ മാസം ഏഴിനാണ് ഖാദറിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഫംഗസ് തലച്ചോറിനെ ബാധിക്കാതിരിക്കാന്‍ ഇടത് കണ്ണ് നീക്കം ചെയ്യണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കുന്നത്

കൊല്ലത്ത് 42 വയസ്സുളള പൂയപ്പളളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും ശക്തമായ തലവേദനയേയും തുടര്‍ന്നാണ് ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ ബ്ലാക്ക് ഫംഗസാണെന്ന് തിരിച്ചറിയുകയായിരുന്നു. കോവിഡ് ബാധിതരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.