ബോംബെ ഹൈക്കോടതി കണ്ണുരുട്ടി; ഫാ.സ്റ്റാന്‍ സ്വാമിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോംബെ ഹൈക്കോടതി കണ്ണുരുട്ടി; ഫാ.സ്റ്റാന്‍ സ്വാമിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോംബെ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ക്കിന്‍സും വാര്‍ദ്ധക്യ സഹജമായ മറ്റ് രോഗങ്ങളും അലട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ പരിശോധിക്കാന്‍ ന്യൂറോ ഫിസിഷ്യന്‍, ഇഎന്‍ടി, ഓര്‍ത്തോപെഡിക്, ജനറല്‍ ഫിസിഷ്യന്‍ എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെ സമിതി രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ എസ്.ജെ കാതവല്ല, സുരേന്ദ്ര തവാഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജെ.ജെ ആശുപത്രി ഡീനിന് നിര്‍ദ്ദേശം നല്‍കി.

കേസ് വീണ്ടും പരിഗണിക്കുന്ന റിപ്പോര്‍ട്ട് മെയ് 21 ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം. വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം വഴി സ്വാമിയെ കോടതിയില്‍ ഹാജരാക്കാനും കോടതി ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അറസ്റ്റിലായതിനുശേഷം ഫാ. സ്റ്റാന്‍ സ്വാമി അനുഭവിക്കുന്ന നിരവധി അസുഖങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സ്വാമി പരാതിപ്പെട്ടിട്ടില്ലെന്നും ജയിലില്‍ തനിക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

നവി മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടുള്ളത്. എണ്‍പത്തി നാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ നിരവധി രോഗങ്ങള്‍ അലട്ടുന്നുണ്ട്. മൂവായിരത്തിലധികം തടവുകാരുള്ള തലോജ ജയിലിലെ നിരവധി തടവുകാര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും ഫാ. സ്റ്റാന്‍ സ്വാമിയെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് ജയിലധികൃതര്‍ ഹാജരാക്കിയിരുന്നില്ല. ഇക്കാര്യവും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ മാസം തള്ളിയതിനെ ചോദ്യം ചെയ്താണ് ഫാ. സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. പാര്‍ക്കിന്‍സ് രോഗമുള്ള തനിക്ക് രണ്ട് ചെവികളുടെയും കേള്‍വിശക്തി നഷ്ടപ്പെട്ട കാര്യവും അദ്ദേഹം എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുള്ള കാരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളൊന്നും പ്രതിക്ക് അനുകൂലമാകില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ ഫാ. സ്റ്റാന്‍ സ്വാമി ജാമ്യം ലഭിക്കാതെ ജയിലിലാണ്.

എണ്‍പത്തി നാലുകാരനായ വൈദികനെ നിരവധി രോഗങ്ങള്‍ അലട്ടുന്നുണ്ടെന്നും പ്രായത്തിന്റെ പരിഗണന നല്‍കണമെന്നും വിവിധ ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.