പട്ടാഭിഷേകം @ 3.30 PM: പുന്നപ്രയില്‍ പുഷ്പാര്‍ച്ചന നടത്തി പിണറായി ടീം

പട്ടാഭിഷേകം @ 3.30 PM:  പുന്നപ്രയില്‍ പുഷ്പാര്‍ച്ചന നടത്തി പിണറായി ടീം

തിരുവനന്തപുരം: തുടര്‍ ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐയിലെയും മന്ത്രിമാരും രാവിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാര്‍ച്ചന നടത്തും.

കോവിഡ് പശ്ചാത്തലത്തിലും ഹൈക്കോടതി ഇടപെടലിന്റെ കൂടി അടിസ്ഥാനത്തിലും പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരം പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലിലാണ് ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണം. പ്രതിപക്ഷം പങ്കെടുക്കില്ല എന്നറിയിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തും.

ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തില്‍ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമേ പ്രതിസന്ധി ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നല്‍കിയ കൊല്ലത്തെ സുബൈദുമ്മയെയും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദനനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായ സത്കാരത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് വകുപ്പുകള്‍ അനുവദിക്കുന്നത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.