ബെംഗളൂര്‍: ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കാമെന്നറിയിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24-ലേക്ക് മാറ്റി.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിരൂപ എവിടെനിന്ന് വന്നതാണെന്നും ലഹരിമരുന്നുകേസില്‍ പ്രതിയായ മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് പണം നിക്ഷേപിച്ചതെന്നും കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആരാഞ്ഞു. എന്നാല്‍, പഴം-പച്ചക്കറി, മത്സ്യ മൊത്തവ്യാപാരത്തിലൂടെയും മറ്റ് ബിസിനസുകളിലൂടെയും ലഭിച്ച പണമാണിതെന്നാണ് അഭിഭാഷകന്‍ മറുപടി നല്‍കിയത്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പലപ്പോഴായാണ് പണം അക്കൗണ്ടിലെത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. ലഹരിമരുന്നുകേസില്‍ ബിനീഷിനെ എന്‍.സി.ബി. പ്രതിചേര്‍ത്തിട്ടില്ലെന്ന കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അക്കൗണ്ടില്‍ പണം വന്നത് എവിടുന്നാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകനായ ഗുരുകൃഷ്ണകുമാര്‍ ഹാജരായി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കുമെന്ന് ബിനീഷിന്റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബര്‍ 11-നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.