മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച 37 പേരില്‍ വയനാട് സ്വദേശി ജോമിഷ് ജോസഫും; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച 37 പേരില്‍ വയനാട് സ്വദേശി ജോമിഷ് ജോസഫും; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ഒഎന്‍ജിസിയുടെ ബാര്‍ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം (35) ആണ് മരിച്ചത്. ജോമിഷിന്റെ പള്ളിക്കുന്ന് എച്ചോത്ത് വീട്ടിലുള്ളവര്‍ക്ക് മരണവിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജോമിഷിന്റേതാണെന്ന് സ്ഥിരീകരിച്ചതായി പിതാവ് ജോസഫ് പറഞ്ഞു. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്.

മുംബൈ ഹൈയില്‍ എണ്ണ ഖനനവുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒഎന്‍ജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് മൂന്ന് ബാര്‍ജുകള്‍ സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരു ബാര്‍ജ് പൂര്‍ണമായും മുങ്ങിപ്പോയി. ഈ ബാര്‍ജിലുള്ളവരാണ് മരിച്ചവരിലേറെയും.

ഇന്ന് രാവിലെ വന്ന കണക്കനുസരിച്ച് 261 പേരുള്ള ബാര്‍ജ് മുങ്ങിയതില്‍ 186 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. 37 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 38 പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മുംബൈ തീരത്ത് നിന്നും 35 മൈല്‍ അകലെ വച്ചാണ് പി3-5 എന്ന ബാര്‍ജ് മുങ്ങി ദുരന്തമുണ്ടായത്.

ശക്തമായ ചുഴലിക്കാറ്റിലും തിരമാലയിലും ഉള്‍ക്കടലിലേക്ക് ഒലിച്ചു പോയ മറ്റു രണ്ട് ബാര്‍ജുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ് ഈ ബാര്‍ജുകള്‍ മുംബൈ തീരത്തേക്ക് ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നുവെന്നാണ് വിവരം.

ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് കൊച്ചി തുടങ്ങി നാവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളും നിരീക്ഷണവിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും രക്ഷാദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. രാത്രിയും പകലുമായി നാവികസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് നിരവധി പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

അതേസമയം അതിതീവ്രചുഴലിക്കാറ്റിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അറുന്നൂറോളം ഒഎന്‍ജിസി ജീവനക്കാരെ ഉള്‍ക്കടലില്‍ ജോലിക്ക് വിട്ട സംഭവം വലിയ വിവാദമായിട്ടുണ്ട്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും മുംബൈ പൊലീസും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.