തിരുവനന്തപുരം: ഭരണ തുടര്‍ച്ചയുടെ മിന്നുന്ന ശോഭയില്‍ പിണറായി പാണ്ഡ്യാല മുക്ക് മാരോലി കോരന്‍ - കല്യാണി ദമ്പതികളുടെ മകന്‍ വിജയന്‍ കോരന്‍ എന്ന പിണറായി വിജയന്‍ (76) പതിനഞ്ചാമത് കേരള നിയമസഭയുടെ മുഖ്യ അമരക്കാരനായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നു കയറി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ഞൂറ് പേര്‍ക്കാണ് ക്ഷണം ലഭിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് മുന്നൂറില്‍ താഴെ ആളുകളാണ് പരിപാടിക്ക് എത്തിയത്.
മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും മൂന്ന് മണിക്ക് മുമ്പു തന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിവിധ മത മേലധ്യക്ഷന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തി. എല്ലാവരുടെയും ഇരിപ്പിടങ്ങളില്‍ പിണറായി വിജയന്‍ നേരിട്ടെത്തി അഭിവാദ്യം ചെയ്തത് പുതുമയായി. വേദിയില്‍ ഒന്നര മീറ്ററും സദസില്‍ രണ്ട് മീറ്ററും അകലത്തിലാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്.
എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയിട്ടുള്ള ചായ സല്‍ക്കാരത്തില്‍ സംബന്ധിക്കും. പിന്നീട് പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി വ്യവസായമന്ത്രി തങ്കം തേനരശ് എത്തി.
'വെര്‍ച്വല്‍ നവകേരള ഗീതാഞ്ജലി' എന്ന പേരില്‍ 52 ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സാഗീതാശംസയ്ക്ക് കൃത്യം 2.50 സത്യപ്രതിജ്ഞാ വേദിയിലെ വീഡിയോ വാളില്‍ തുടക്കമായി. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരം ചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം.
തുടര്‍ ഭരണത്തിന് ഭാവുകമോതി മമ്മൂട്ടി അവതരിപ്പിച്ച നവകേരള ഗീതാഞ്ജലിയില്‍ യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, എം.ജയചന്ദ്രന്‍, ശിവമണി, മോഹന്‍ലാല്‍, സ്റ്റീഫന്‍ ദേവസി, ജയറാം, ഉണ്ണിമേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് ആശയാവിഷ്‌കാരം. സംഗീതം ചിട്ടപ്പെടുത്തിയത് രമേശ് നാരായണന്‍.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അവഗണിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരും നേതാക്കളും നേരിട്ടെത്താതെ ഓണ്‍ലൈനായാണ് ചടങ്ങ് വീക്ഷിച്ചത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.