യോഹ 19 :25 യേശുവിന്റെ കുരിശിന്റെ അരികെ അവന്റെ അമ്മയും , അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽക്കുന്നുണ്ടായിരുന്നു.
‘കുരിശിൻ ചുവട്ടിലെ അമ്മ’ , അത് നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത് തീർച്ചയായും വേദനിപ്പിക്കുന്ന ഒരു ചിത്രമാണ്. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും എന്ന് ശിമയോൻ പരിശുദ്ധാത്മാവിൽ നിറഞ്ഞു പറഞ്ഞ വാക്കുകൾ ഇവിടെ നിറവേറുകയാണ്.
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു. (റോമ 5 :4 )
ദൈവവചനത്തെയും, ദൈവീക മനുഷ്യരുടെ വാക്കുകളെയും ഹൃദയത്തിൽ സംഗ്രഹിച്ച അമ്മയ്ക്ക്, ഈ അപമാനവും സഹനവും അനുഭവിക്കാനുള്ള ആത്മധൈര്യം ദൈവം നൽകി എന്ന കാര്യത്തിൽ സംശയമില്ല.
നാലു സുവിശേഷങ്ങളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും, യേശുവിൻറെ 12 ശിഷ്യൻമാരിൽ, സ്നേഹത്തിന്റെ അപ്പോസ്തോലനായ, യോഹന്നാനൊഴികെ ആരും കുരിശിൻ ചുവട്ടിൽ നിൽക്കാൻ ധൈര്യം കാണിച്ചില്ല എന്ന്. അവരെല്ലാം യഹൂദരെ ഭയന്ന് ഓടി ഒളിച്ചു. യോഹന്നാനെ കൂടാതെ യേശുവിന്റെ അമ്മയും കുറച്ച് സ്ത്രീകളും മാത്രമാണ് ആ കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്നത്. സ്നേഹമുള്ളടുത്ത് ഭയത്തിന് സ്ഥാനമില്ല.
സ്നേഹത്തിൽ ഭയത്തിന് ഇടമില്ല പൂർണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്ക്കരിക്കുന്നു (1യോഹ 4 :18).
നമുക്കറിയാം കുരിശിൻ ചുവട്ടിൽവച്ച് പോലും പടയാളികളും, ചുറ്റുംനിന്നവരും ഒക്കെ യേശുവിനെ അപമാനിക്കുന്നുണ്ട്. ഇത്രയധികം അപമാനവും വേദനയും സഹിച്ച്, അമ്മയെ കുരിശിൻ ചുവട്ടിൽ പിടിച്ച് നിർത്തിയത് ദൈവം തന്നെയായ തന്റെ പുത്രനോടുള്ള സ്നേഹമാണ്.
നമ്മുടെ ഒക്കെ ജീവിതത്തിലും ഹൃദയം തകർക്കുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ , ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ ഉണ്ടാകുമ്പോൾ, മറ്റുള്ളവരെ ഭയന്ന് ദൈവത്തെ തള്ളിപറയേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ, നാം എപ്രകാരം നിലകൊള്ളണം എന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് പരിശുദ്ധ അമ്മയുടേത്.
വി. അല്‍ഫോന്‍സാമ്മയുടെ വാക്കുകളില്‍ അത് വ്യക്തമാണ് കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയത് കുരിശിന്‍ ചുവട്ടിലെ സ്ത്രീയാണ്.
ഏതു പ്രതിസന്ധിയിലും കുരിശിൻചുവട്ടിൽ, ആ ക്രൂശിതനോടൊപ്പം നിൽക്കാനുള്ള ആത്മധൈര്യവും, ദൈവസ്നേഹവും നമ്മിൽ നിറയാനുള്ള കൃപയ്ക്കായി പരിശുദ്ധ അമ്മ വഴി സ്നേഹനിധിയായ ദൈവത്തോട് നമുക്ക് യാചിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.