പ്രതിപക്ഷ നേതാവിനെ ഇന്നറിയാം; ഭൂരിപക്ഷ പിന്തുണ അവകാശപ്പെട്ട് ചെന്നിത്തലയും സതീശനും

പ്രതിപക്ഷ നേതാവിനെ ഇന്നറിയാം; ഭൂരിപക്ഷ പിന്തുണ അവകാശപ്പെട്ട് ചെന്നിത്തലയും സതീശനും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം. എംഎല്‍എമാരില്‍ ഭൂരിപക്ഷവും വി.ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയടക്കം ചില പ്രമുഖ നേതാക്കള്‍ രമേശ് ചെന്നിത്തലക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തില്‍ ഇതുവരെ മനസ് തുറക്കാത്ത സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തേടിയതായാണ് വിവരം. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്നാണ് ഉമ്മന്‍ചാണ്ടിയുടേതടക്കം നിലപാട്.

എന്നാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാന്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷി നേതാക്കള്‍ പറയുന്നത്. വാദപ്രതിവാദങ്ങളിലൂടെ നിയമസഭയ്ക്കകത്ത് ഇടതുപക്ഷത്തിന് എന്നും തലവേദന സൃഷ്ടിച്ചിട്ടുള്ള സതീശന്‍ നേതൃസ്ഥാനത്തു വന്നാല്‍ പുതിയ സര്‍ക്കാരിനു മുന്നില്‍ പുതിയ പ്രതിപക്ഷവും അണിനിരക്കും. ചെറുപ്പക്കാരുടെ ഒരു നിരതന്നെ പ്രതിപക്ഷത്തുണ്ട്. അവരെ നയിക്കാന്‍ ചെറുപ്പക്കാരനായ ഒരാളെന്ന നിലയിലാണ് സതീശന് പ്രസക്തിയേറുന്നത്.

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം തളളി എ വിഭാഗത്തിലെ മൂന്ന് എംഎല്‍എമാര്‍ സതീശനെ പിന്തുണച്ചു. അവരുടെ കൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.

പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം മാത്രമാണ് നോക്കുന്നതെങ്കില്‍ സതീശന്‍ പ്രതിപക്ഷ നേതാവാകുമെന്ന് അവര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായംകൂടി കണക്കിലെടുത്താല്‍ ചെന്നിത്തല തുടര്‍ന്നേക്കാം. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.