വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും. പറവൂരില്‍ നിന്നുള്ള എം.എല്‍.എയാണ്. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറ മാറ്റത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലകൊണ്ടതോടെയാണ് സതീശന് നറുക്ക് വീണത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു.

എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്ന് അറിയുന്നത്.

പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്. അതേസമയം, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളും ചില ദേശീയ നേതാക്കളും സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും ഒടുവില്‍ സതീശന് നറുക്ക് വീഴുകയായിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.