ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപതിലേറെ സംസ്ഥാനങ്ങളിലായി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 8848 പേര്‍ക്ക്. ബ്ലാക്ക് ഫംഗസ് ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിന്റെ ഉത്പാദനം കൂട്ടി. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആംഫോട്ടറിസിന്‍ ബി-യുടെ 23,680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 8,848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ (2,281 കേസുകള്‍) റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിന് 5,800 ഡോസുകള്‍ അനുവദിച്ചു. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് 5,090 ഡോസുകള്‍ നല്‍കി. 910 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രാപ്രദേശിന് 2,300, അയല്‍ സംസ്ഥാനമായ തെലങ്കാനക്ക് (350 കേസുകള്‍) 890 ഡോസുകളും അനുവദിച്ചു. ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിക്ക് 670 ഡോസുകളും ലഭിക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ 36 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചിട്ടുണ്ട്.
പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കോവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണ് വേദന, കണ്ണില്‍ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഫംഗസ് പരിശോധന നടത്തണമെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞു.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ഒരാള്‍ കൂടി ചികിത്സയിലുണ്ട്. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.