രക്തക്കോട്ട നമുക്കുചുറ്റും പടുത്തുയർത്തിയ ഗായകൻ വിടവാങ്ങി

രക്തക്കോട്ട നമുക്കുചുറ്റും പടുത്തുയർത്തിയ ഗായകൻ വിടവാങ്ങി

പോട്ട:  ഭക്തിഗാനരംഗത്തെ അനുഗ്രഹീത സാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പതിനായിരങ്ങളെ ആത്മീയാനന്ദത്തിൽ ആഴ്ത്തിയ ഗാന ശുശ്രൂഷകനുമായിരുന്ന ആന്റണി ഫെർണാണ്ടസ് നിത്യത പൂകി. ഭക്തി ഗാന ശുശ്രൂഷക്കായി ജീവിതം സമർപ്പിച്ച അദ്ദേഹം ഗാനരചയിതാവും സംഗീത സംവിധായകനും കൂടെയാണ്. കൊല്ലം തങ്കശേരി സ്വദേശിയാണ്.

കാർമൽ എക്കോസ് എന്ന ഗാനമേള സംഘത്തിന്റെ ആവേശമായി നടക്കുമ്പോഴാണ് ദൈവീക വഴിയിലേക്ക് തിരിയാൻ ഇടവന്നത്. അമ്മയുടെ സ്വാധീനമാണ് ആന്റണി ഫെർണാണ്ടസിനെ ദൈവ വഴികളിലേക്ക് നടത്തിയത്. പോട്ട ആശ്രമത്തിൽ ദൈവവചനം ശ്രവിക്കുവാൻ ബസിൽ ആളെക്കൊണ്ടുവന്ന ആദ്യത്തെ വ്യക്തിയാണ് ആന്റണി ഫെർണാണ്ടസിന്റെ അമ്മയെന്ന് ഫാ. ജോർജ് പനക്കൽ ഗുഡ്നെസ്സ് ചാനലിൽ പറഞ്ഞിരുന്നു. അമ്മയുടെ ആജ്ഞ അനുസരിച്ചു പോട്ട കൺവെൻഷനിൽ സൗണ്ട് സിസ്റ്റത്തിന്റെ മേല്നോട്ടത്തിനായി വന്നപ്പോൾ ഗാനാഭിരുചി മനസിലാക്കി ഒരു പാട്ടുപാടാൻ അവസരം കൊടുത്തെന്നും അത് ജനങ്ങളെ ആഴമായി സ്പർശിക്കുകയും ആത്മീയ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കാൻ അത് കാരണമായി തീരുകയും ചെയ്‌തെന്നും ഫാ ജോർജ് പനക്കൽ പറഞ്ഞു. . കീബോർഡിലെ മാന്ത്രിക വിരൽ സ്പർശത്തോടൊപ്പം മനോഹരമായി പാടുന്ന ചെറുപ്പക്കാരൻ അന്ന് പുതുമ നിറഞ്ഞ അനുഭവമായിരുന്നു. ആരാധന സംഗീതത്തിലായിരുന്നു ഏറെ താത്പര്യം.

വിശ്വാസത്തോടെ ജീവിത യാത്രചെയ്ത ആന്റണി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കെ ആർ എൽ സി സി പ്രൊക്ലമേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ സിന്യൂസിനോട് പറഞ്ഞു.ഫാ. ഷാജി തുമ്പച്ചിറയിൽ വികാരഭരിതനായാണ് സിന്യൂസിനോട് പ്രതികരിച്ചത്. "കിന്നരം വായിച്ചപ്പോൾ പാഞ്ഞകന്ന ദുരാത്മാവിനെക്കുറിച്ചു ബൈബിൾ പറയുന്നില്ലേ ? ഈ കാലഘട്ടത്തിൽ ജനലക്ഷങ്ങളിൽ നിന്നും തിന്മയുടെ സ്വാധീനത്തെ ആട്ടിയകറ്റിയ അഭിഷേകമുള്ള ഗായകനായിരുന്നു അദ്ദേഹം. 'അമ്മെ അമ്മെ തായേ' എന്ന ഗാനത്തിന്റെ ഒരു വേർഷനും നമ്മൾ എല്ലാവരും ഇപ്പോഴും പാടുന്ന രക്തക്കോട്ട എന്ന ഗാനവും അദ്ദേഹത്തെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തോട് ഇടപഴകിയപ്പോൾ സംഗീതം പോലെ സാന്ദ്രമായ സ്വഭാവവും ആയിരുന്നു. ഒന്നും മറക്കാനാകുന്നില്ല", ഫാ തുമ്പച്ചിറയിൽ പറഞ്ഞു.

26 കൊല്ലമായി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷ ചെയ്യുന്ന ആന്റണി ഫെർണാണ്ടസ് വളരെ ആത്മാർത്ഥതയുള്ള ശുശ്രൂഷകനായിരുന്നെന്നും ആനേകായിരങ്ങളെ ആത്മീയ വഴിയിലേക്ക് കൈപിടിച്ച് നടത്തിയ ആൾ ആയിരുന്നുവെന്നും സ്തുത്യർഹമായ സേവനം എന്ന് മാത്രമേ പറയാനുള്ളൂ എന്നും ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഇംഗ്ലീഷ് ക്യാമ്പസ് ഡയറക്ടർ ആയ ഫാ അഗസ്റ്റിൻ വല്ലൂരാൻ പറഞ്ഞു.

ഭാര്യ ഷാന്റി, മകൻ എനോക്ക്. എൻജിനീയറിങ് വിദ്യാർത്ഥിയായ എനോക്കും ഗാന ശുശ്രൂഷകനാണ്.

✍(ജോസഫ് ദാസൻ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.