പി എസ് സി യുടെ കെടുകാര്യസ്ഥതക്കെതിരെ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് എസ് എം വൈ എം പാലാ രൂപത

പി  എസ്  സി യുടെ കെടുകാര്യസ്ഥതക്കെതിരെ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച്   എസ് എം വൈ എം പാലാ രൂപത

പാലാ : യുവാക്കൾക്ക് തൊഴിൽ പ്രദാനം ചെയ്ത് അവരെ സംരക്ഷിക്കേണ്ട പി എസ് സി യുടെ ഭാഗത്തു നിന്നും അർഹരായവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തുടർച്ചയായ നടപടികളിൽ പ്രതിഷേധിച്ച് എസ് എം വൈ എം പാലാ രൂപത റിലേ നിരാഹാര സത്യാഗ്രഹത്തിനു തുടക്കം കുറിച്ചു. കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ മുൻ അംഗവും എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു. കക്ഷിരാഷ്ട്രീയ - പക്ഷപാത സമീപനത്തിന് അതീതമായി നീതിപൂർവ്വമായ നിലപാടുകളും ആരോപണങ്ങളുടെ മേലുള്ള അന്വേഷണവും പരിഹാര നടപടികളും പി എസ് സി യുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി എസ് സി ക്ക് ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന സുതാര്യതയും വിശ്വസ്തതയും വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നവംബർ ഏഴിന് ആരംഭിക്കുന്ന യു പി എസ് എ, എൽ പി എസ് എ പരീക്ഷകളുമായി ബന്ധപ്പെട്ട് 300 ലധികം പേർക്ക് കൺഫർമേഷൻ കൊടുക്കാനുള്ള ഓപ്ഷൻ ലഭ്യമാകാത്തതും ആയതിനാൽ ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കാത്തതും അപേക്ഷിച്ചവരിൽ ചിലരുടെ പ്രൊഫൈലിൽ നൽകിയ അപേക്ഷ പോലുമില്ലാത്ത സംഭവങ്ങളും മുൻനിർത്തിയാണ് റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. രൂപതാ പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു. ഈ വിഷയങ്ങൾക്ക് ഉടനടി പരിഹാര നടപടികൾ ആവശ്യപ്പെട്ടും പി എസ് സി യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പിൻവാതിൽ നിയമനം, പക്ഷപാത സമീപനം, പി എസ് സി ഡിപ്പാർട്ട്മെന്റിലെ രാഷ്ട്രീയ അതിപ്രസരം, അഡ്വൈസ് മെമ്മോ വരുന്നതിലെ കാലതാമാസം, അപേക്ഷകൾക്കു സംഭവിക്കുന്ന സുരക്ഷയില്ലായ്മ തുടങ്ങിയവയിൽ പ്രതിഷേധിച്ചും കക്ഷി രാഷ്ട്രീയ ജാതിമതഭേദമന്യേ യുവജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ പിന്തുണ ലഭിച്ചു. തുടർ ദിവസങ്ങളിൽ രൂപതയിലെ വിവിധ യൂണിറ്റുകൾ നിരാഹാര സത്യാഗ്രഹ സമരം ഏറ്റെടുത്തു നടത്തും. പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, കൗൺസിലർ നോബിൾ ഏഴാച്ചേരി എന്നിവരാണ് നിരാഹാരമിരുന്നത്.

പൂഞ്ഞാർ എംഎൽഎ പി സി ജോർജ്, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, മുൻ കോട്ടയം ഡി സി സി സെക്രട്ടറി സാബു എബ്രഹാം എന്നിവർ നേരിട്ടെത്തി ഐക്യദാർഢ്യം അർപ്പിച്ചു. പി എസ് സി നിയമനങ്ങളിലെ വേർതിരിവിനെ കുറിച്ച് മുഖ്യമന്ത്രിയുടെയും പി എസ് സി ചെയർമാന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുമെന്ന് പി സി ജോർജ് എംഎൽഎയും കോവിഡ് കാലത്തെ പരീക്ഷകൾ മാറ്റിവെക്കുകയും അവസരം നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം നൽകിക്കൊണ്ട് സമയം അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടാമെന്ന് ജോർജ്ജ് കുര്യനും അറിയിച്ചു . എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ,ഡെപ്യൂട്ടി പ്രസിഡന്റ്‌ ഡിന്റോ ചെമ്പുളായിൽ, സെബാസ്റ്റ്യൻ ചാത്തൻചിറയിൽ,ടോം മനക്കൽ, ആൽവിൻ മോനിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.