ആഗ്നൽ സഞ്ജു വർക്കി എന്ന 25 വയസുകാരൻ ഈ കഴിഞ്ഞ ദിവസം ആണ് അവന്റെ വാട്സാപ്പ് സ്റ്റാറ്റസ് മാറ്റിയത്. പുതുക്കിയ സ്റ്റാറ്റസ് ഇപ്രകാരം ആണ് : "രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല. കേൾക്കാൻ ആകാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല." ഏശയ്യ 59:1. ഈ വചനത്തിനൊപ്പം ആഗ്നൽ ഇട്ടിരിക്കുന്ന ചിത്രം മുങ്ങി താഴുന്ന പത്രോസിനെ കൈപിടിച്ച് രക്ഷിക്കുന്ന യേശുവിന്റേത് ആണ്.
സഞ്ജു എന്ന ഓമനപേരിൽ വീട്ടുകാരും നാട്ടുകാരും വിളിക്കുന്ന ആഗ്നൽ ഇങ്ങനെ ഒരു സ്റ്റാറ്റസ് ഇപ്പോൾ ഇടുവാൻ തക്കതായ കാരണം ഉണ്ട്. 263 പേരുമായി മുംബൈ തീരത്തു നിന്നും 70 കിലോമീറ്റർ അകലെ, അറേബ്യൻ കടലിന്റെ ആഴത്തട്ടിലേക്കു മുങ്ങിയ p-305 ബാർജിൽ ആഗ്നലും ഉണ്ടായിരുന്നു. 188 പേരെ രക്ഷപ്പെടുത്തിയപ്പോൾ കടലിൽ പൊലിഞ്ഞത് 75 വിലപ്പെട്ട ജീവനുകൾ ആണ്. ഈ കഴിഞ്ഞ മെയ് 17 നു സംഭവിച്ച ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആഗ്നലിനു പറയുവാൻ ഒത്തിരി ഉണ്ട്. ദൈവീക ഇടപെടലിന്റെയും കരുതലിന്റെയും കഥ. നീണ്ട 15 മണിക്കൂർ അഴകടലിൽ അങ്ങോളം ഇങ്ങോളം പൊങ്ങിയും താഴ്ന്നും ജീവിതത്തിനും മരണത്തിനും ഇടയിൽ കൂടി ആഗ്നൽ സഞ്ചരിച്ചു.
ആഗ്നലിന്റെ വാക്കുകൾ
"മെയ് 17 തിങ്കൾ ടൗട്ടോ കൊടുംകാറ്റു ഞങ്ങൾ ആയിരിക്കുന്ന സ്ഥലത്തും ആഞ്ഞു വീശിക്കൊണ്ടിരുന്നു. കൊടുംകാറ്റിന്റെ ശക്തിയിൽ ഞങ്ങളുടെ ബാർജിന്റെ എട്ട് നങ്കൂരങ്ങളും പൊട്ടി ബാർജ് തിരയിലും കാറ്റിലും പെട്ടു ഒഴുകി നടക്കുവാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ട ഒഴുക്കിൽ പിടിച്ചു നിൽക്കുവാൻ നന്നേ പണിപ്പെട്ട് ഞങ്ങൾ എല്ലാവരും മുകളിലത്തെ ഡെക്കിൽ കയറി അള്ളി പിടിച്ചു നിന്നു. 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ തിരമാല ശക്തമായി അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ അതു സംഭവിച്ചു.
എണ്ണ ഘനനത്തിനായായി ഉപയോഗിച്ചിരുന്ന ഒരു പഴയ പ്ലാറ്റഫോമിൽ 263 പേരുമായി അടിയുലഞ്ഞ ഞങ്ങളുടെ ബാർജ് ഇടിച്ചു. വലിയ വിള്ളൽ ഉണ്ടായി. അധികം താമസിയാതെ ബാർജിൽ വെള്ളം നിറഞ്ഞു മുങ്ങുവാൻ തുടങ്ങി. എല്ലാവരോടും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്ക് എടുത്തു ചാടുവാൻ ക്യാപ്റ്റന്റെ ഓർഡർ വന്നു. സമയം അപ്പോൾ വൈകിട്ട് 5.30. കഴുത്തിൽ കിടന്നിരുന്ന ജപമാലയിൽ ഒരു കൈ മുറുകെ പിടിച്ചു എന്റെ ഈശോയുടെ നാമം ഉറക്കെ വിളിച്ചു എല്ലാവരുടെയും ഒപ്പം ഞാനും അറേബ്യൻ കടലിന്റെ നടുത്തിട്ടിലേക്കു എടുത്തു ചാടി."
അവിടുന്നങ്ങോട്ട് ആഗ്നലിനു നീണ്ട പതിനഞ്ചു മണിക്കൂർ നേരത്തെ സഹസികത നിറഞ്ഞ പോരാട്ടമായിരുന്നു. നേരം ഇരുട്ടി തുടങ്ങി. അതിശക്തമായ മഴയും കാറ്റും. ഒരു മൂന്നുനില കെട്ടിടതിനേക്കാൾ ഉയരത്തിൽ തിരമാല ആഞ്ഞടിക്കുന്നു. ഒന്നിച്ചു ചാടിയ കൂട്ടുകാരെ ആരെയും കാണുവാനില്ല. ഇരുട്ടിലും പേമാരിയിലും കൊടുങ്കാറ്റിലും അഴക്കടലിൽ ഒറ്റപ്പെട്ടു പോയപ്പോഴും ആഗ്നലിനു തന്റെ കഴുത്തിലെ ജപമാലയും ഹൃദയാന്തരത്തിൽ നിന്നുയർന്ന യേശുനാമവും മാത്രം ആയിരുന്നു കരുത്തും സാങ്കേതവും.
ആഗ്നൽ ഓർത്തെടുക്കുന്നു:
"രക്ഷദൗത്യത്തിനായി എത്തിയ നാവികസേനയുടെ ഐഎൻഎസ് കൊച്ചി കപ്പലിൽ നിന്നുള്ള വെളിച്ചം നേരിയ പ്രതീക്ഷ നൽകി. എന്നാൽ മൂന്നു പ്രാവശ്യം അതിനടുത്തേക്ക് നീന്തി എത്തുവാൻ ഞാൻ ശ്രമിച്ചു. കപ്പലിലേക്കുള്ള ദൂരവും അതിശക്തമായ തിരമാലകളും ഈ യജ്ഞത്തിൽ മൂന്നു വട്ടവും എന്നെ പരാജയപ്പെടുത്തി"
എല്ലാം അവസാനിച്ചു എന്ന് ചിലപ്പോഴെങ്കിലും കടന്നുകൂടിയ നിരാശാജനകമായ നിമിഷങ്ങളെ ആഗ്നൽ നേരിട്ടത് പത്രോസിനെ രക്ഷിക്കുവാൻ കൈനീട്ടിയ യേശുവിന്റെ കരങ്ങൾ തനിക്കും രക്ഷയായി വരും എന്ന അടിയുറച്ച വിശ്വാസം ആയിരുന്നു എന്ന് അവൻ ഓർക്കുന്നു. 15 മണിക്കൂർ നേരത്തെ അഗ്നിപരീക്ഷക്കും ജീവന്മരണ പോരാട്ടത്തിനും ഒടുവിൽ മെയ് 18 നു രാവിലെ 8.30 ന് ആഗ്നൽ നാവികസേനയുടെ ഐഎൻഎസ് കൊച്ചി എന്ന കപ്പലിൽ നിന്നും ഇട്ടുകൊടുത്ത രക്ഷവലയിൽ കൂടി തന്റെ രണ്ടാം ജന്മത്തിലേക്കു കൈപിടിച്ചു കയറി.
കോഴിക്കോട് ജില്ലയിലെ ചെമ്പനോടയിൽ ഉള്ള വാതല്ലൂർകാലായിൽ സണ്ണിയുടെയും മേരിയുടെയും മകനാണ് ആഗ്നൽ. മൂത്ത സഹോദരി സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. തന്റെ മാതാപിതാക്കളുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും അവരുടെ പ്രാർത്ഥനയുടെ ശക്തിയും തനിക്കു എന്നും ഒരു ബലവും ആശ്രയവും ആണെന്ന് ആഗ്നൽ സാക്ഷ്യപ്പെടുത്തുന്നു.
നാലു വർഷങ്ങൾക്ക് മുൻപാണ് മുംബൈയിലുള്ള മാത്യു അസ്സോസിയേറ്റ്സ് എന്ന കമ്പനിയിൽ മെക്കാനിക്കൽ l എഞ്ചിനീയറായി ആഗ്നൽ ജോലിക്ക് കയറിയത്. ഇത് രണ്ടാം തവണയാണ് ഒഎൻജിസിയുടെ എണ്ണ ഖനന ജോലിക്കായി കഴിഞ്ഞ ഒക്ടോബറിൽ ആഗ്നലിനെയും കമ്പനി അയക്കുന്നത്. എട്ട് മാസത്തെ ഓഫ്‌ഷോർ ജോലി പൂർത്തിയാക്കി ഈ ആഴ്ച്ച അവധി ആഘോഷിക്കുവാനും തന്റെ ഏക സഹോദരി അൽഫോൻസായുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വരുവാൻ ഒരുങ്ങി ഇരിക്കുമ്പോഴാണ് ആഗ്നലിനു ഈ ദുരന്ത വഴികളിലൂടെ കരയിലേക്ക് പിടിച്ചുകയറേണ്ടി വന്നത്.
തന്നെ രണ്ടാം ജന്മം നൽകി അനുഗ്രഹിച്ച തമ്പുരാന് നന്ദി പറയുമ്പോഴും ഈ മഹാദുരന്തതിൽ ജീവൻ പൊലിഞ്ഞ തന്റെ 75 സഹപ്രവർത്തക്കായി ആഗ്നലിന്റെയും ഹൃദയം നീറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.