ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് മേധാവികളിലൊരാള്‍ കോവിഡ് ബാധിച്ച് മരിച്ചു

ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് മേധാവികളിലൊരാള്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ പാലുല്‍പ്പന്ന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ (57) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചശേഷം ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരിച്ചതെന്ന് 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 19നായിരുന്നു മരണം. 2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ പതഞ്ജലിയുടെ ഭാഗമാകുന്നത്. അസുഖത്തെത്തുടര്‍ന്ന് അവസാന ദിവസങ്ങളില്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അമുല്‍, മദര്‍ ഡയറി എന്നീ കമ്പനികളിലും സുനില്‍ ബന്‍സാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അലോപ്പതി ചികിത്സക്കെതിരേ ബാബാ രാംദേവ് വിവാദപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് കോവിഡിനെ തുടര്‍ന്ന് പതഞ്ജലിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ച വിവരം പുറത്തുവന്നത്. അലോപ്പതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ രംഗത്തെത്തിയിരുന്നു.

ഓക്‌സിജന്റെ അഭാവം മൂലമല്ല, അലോപ്പതി മരുന്നുകള്‍ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചതെന്ന ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരേ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒടുവില്‍ ബാബാ രാംദേവിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രിയും രംഗത്തെത്തി. തുടര്‍ന്ന് തന്റെ വിവാദ പരാമര്‍ശം പിന്‍വലിക്കുന്നതായും വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.