തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പതിന് ആരംഭിക്കും.
പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 136 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. കോവിഡും ക്വാറന്റ്റീനും മൂലം മൂന്ന് അംഗങ്ങള്‍ക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനാകില്ല. അവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പ്രോടേം സ്പീക്കറായി മുതിര്‍ന്ന അംഗം പി.ടി.എ റഹീമിനെ ചുമതലപ്പെടുത്തിയുള്ള കത്ത് നിയമസഭാ സെക്രട്ടറിക്ക് ഗവര്‍ണര്‍ കൈമാറും. ഇത്തവണ 53 അംഗങ്ങള്‍ സഭയില്‍ പുതുമുഖങ്ങളാണ്. സെക്രട്ടറി അക്ഷരമാലാ ക്രമത്തില്‍ പേര് വിളിക്കുമ്പോള്‍ ഓരോരുത്തരും നടുത്തളത്തില്‍വന്ന് സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പ് വയ്ക്കും.
ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി.അബ്ദുള്‍ ഹമീദും അവസാനം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രാതിനിധ്യപ്രകാരം സഭാഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചു.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. തുടര്‍ന്ന്, ജൂണ്‍ 14 വരെ സഭാ സമ്മേളനം. 28 ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തില്‍ ചര്‍ച്ച നടക്കും.
ജൂണ്‍ നാലിന് പുതിയ സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ബജറ്റ് ചര്‍ച്ച. പത്തിന് ബജറ്റും 11ന് വോട്ടോണ്‍ അക്കൗണ്ടും പാസാക്കും. 14 വരെ സമയമുണ്ടെങ്കിലും 11ന് സഭാ സമ്മേളനം പിരിയാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.