ദുബായ്: ജയിച്ചുകൊണ്ടിരിക്കുന്ന ടീമുകള്‍ക്ക് ഏത് വിഷമഘട്ടത്തിലും ജയിക്കാനുളള ഒരു ചെറിയ വഴി അവരുതന്നെ കണ്ടെത്തും. ചാമ്പ്യന്‍ ടീമുകള്‍ക്ക് വെല്ലുവിളികളുളള മത്സരങ്ങള്‍ കളിക്കേണ്ടിവരില്ലയെന്നുളളതല്ല,അങ്ങനെ വരുമ്പോഴും ജയിക്കാനുളള വഴി അവർ കണ്ടെത്തുമെന്നുളളതാണ്. രാജസ്ഥാനെതിരെയുളള മത്സരത്തില്‍ ക്യാപ്റ്റന്‍ ഇല്ലാതെ കളിച്ചിട്ടും ടീം ശക്തമായി തന്നെ തിരിച്ചുവന്നു. ഇത്തരം വെല്ലുവിളികള്‍ക്ക് സജ്ജമാണ് ടീമെന്ന് തെളിയിക്കുന്നതായി മത്സരം. ശ്രേയസ് അയ്യർ പരുക്കുമൂലം മാറിനിന്നിട്ടും ടീമിനെ നയിച്ച ശിഖർ ധവാനും നല്ല രീതിയില്‍ തന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ജോഫ്രാ ആർച്ചറിന്‍റെ ബൗളിംഗ് പ്രകടനം രാജസ്ഥാന്‍ റോയല്‍സിനെ വിജയിക്കാന്‍ കഴിയുന്ന രീതിയിലേക്ക് എത്തിച്ചു. പക്ഷെ മനസിലാവാത്ത ഒരു കാര്യം മൂന്ന് വിദേശ താരങ്ങളും ഒരേ നമ്പറില്‍ ഇറങ്ങുന്നതെന്തിനാണെന്നാണ്. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും കഴിഞ്ഞാല്‍ ഉടനെ സ്റ്റീവന്‍ സ്മിത്ത് എത്തുന്നു. ഇവരെ പുറത്താക്കിയാല്‍, മധ്യനിരയിലുളള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാർക്ക് സ്വഭാവികമായും സമ്മർദ്ദമുണ്ടാകും. അതിന് പകരം മൂന്നാം നമ്പറില്‍ സഞ്ജു വരികയും അതിന് ശേഷം ഒന്നോ രണ്ടോ സ്ഥാനം കഴിഞ്ഞ് ബെന്‍ സ്റ്റോക്സോ സ്റ്റീവന്‍ സ്മിത്തോ വരികയും ചെയ്താല്‍ മധ്യനിര കുറച്ചു കൂടി പരിചയസമ്പത്തുളളതാവും. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെയും ഇതുതന്നെയാവർത്തിച്ചു. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ഗംഭീര തുടക്കം നല്കിയെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയില്‍ ജോസ് ബട്ലറുടെ വിക്കറ്റ് നഷ്ടപ്പെടുന്നതാണ് കണ്ടത്. സ്റ്റീവന്‍ സ്മിത്ത് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. അനായാസ ക്യാച്ച് നല്കി അദ്ദേഹം പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. റണ്‍സൊന്നുമെടുത്തില്ലെങ്കില്‍ പോലും അദ്ദേഹം ക്രീസുലുണ്ടാകേണ്ടത് രാജസ്ഥാന് അനിവാര്യമായിരുന്നു.
സാന്നിദ്ധ്യം കൊണ്ട് ടീമിന് നല്കേണ്ട ആത്മവിശ്വാസം നല്‍കാന്‍ സ്റ്റീവന്‍ സ്മിത്തിന് സാധിച്ചില്ല. പിന്നീട് വന്ന സഞ്ജു വി സാംസണും റോബിന്‍ ഉത്തപ്പയും ഒപ്പം ബെന്‍സ്റ്റോക്സുമെല്ലാം അസമയത്ത് ഔട്ടായി. ഏറ്റവും നിർണായകസമയത്ത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞുപോകുന്ന ഉത്തരവാദിത്തമില്ലാത്ത ബാറ്റ്സ്മാന്‍മാരെയാണ് ഇന്നലെ കണ്ടത്. ഇനിയുളള മത്സരങ്ങളിലെങ്കിലും മാച്ച് വിന്നറായി സ്റ്റീവന്‍ സ്മിത്ത് കളിക്കേണ്ടത് രാജസ്ഥാന് ആവശ്യമാണ്. രാഹുല്‍ തെവാത്തിയയും റിയാന്‍ പരാഗുമൊക്കെ ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കുമെന്ന് കരുതുന്നുവെങ്കില്‍ അത് മണ്ടത്തരമാണ്. അതോടൊപ്പം റിയാന്‍ പരാഗിന്‍റെ റണ്ണൗട്ടും നിർണായകമായി. ആ സമയത്ത് ഒന്നോ രണ്ടോ ഓവറുകള്‍ കളിച്ചിരുന്നുവെങ്കില്‍ രാജസ്ഥാന് വിജയിക്കാമായിരുന്നു.സഞ്ജു വി സാംസണ്‍ അല്‍പം കൂടി ഭേദപ്പെട്ട രീതിയിലാണ് ബാറ്റുചെയ്തത്. സ്വതസിദ്ധമായ ശൈലിയില്‍ നിന്നും മാറി ഉത്തരവാദിത്തമേറ്റെടുത്താണ് സഞ്ജു കളിക്കുന്നതെന്നുളളത് ആശ്വാസമാണ്. റോബിന്‍ ഉത്തപ്പയും നന്നായി കളിക്കുന്നുവെന്നുളളത് ടീം സ്ഥിരത കൈവരിക്കുന്നുവെന്നുളളതിന്‍റെ സൂചനയാണ്. അനാവശ്യമായി മത്സരങ്ങള്‍ വലിച്ചെറിഞ്ഞു കളയുന്നത്, വിദേശതാരങ്ങള്‍ നിരുത്തരവാദപരമായി കളിക്കുന്നത് ഇതൊക്കെയാണ് രാജസ്ഥാന് വിനയാകുന്നത്. പരിശീലകനായ ആന്‍ഡ്രൂ മക്ഡോണാള്‍ഡിന് ബെന്‍ സ്റ്റോക്സിനും സ്റ്റീവന്‍ സ്മിത്തിനും മേലൊരു ആധിപത്യമില്ലേയെന്നുളളതുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍ ബാറ്റിംഗ് ഓർഡറില്‍ മാറ്റം വരുത്താത്തത് എന്നതാണ് ചോദ്യം. ഡെല്‍ഹി ക്യാപിറ്റല്‍സിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. പരുക്കുമൂലം ഇശാന്ത് ശർമ്മയെ നഷ്ടമാകുന്നു. ഋഷഭ് പന്തിനെ നഷ്ടമാകുന്നു. കൂട്ടുകെട്ടില്‍ വലിയ മാറ്റങ്ങളുണ്ടാക്കേണ്ടിവരുന്നു. കീപ്പറില്ലാത്ത അവസ്ഥയില്‍ അലക്സ് കാരിയെ കീപ്പറാക്കേണ്ടിവരുന്നു. ശിഖർ ധവാന്‍ ഫോമിലേക്ക് വരുന്നത് ഗുണമായി.പക്ഷെ പൃഥ്വി ഷാ തുടർച്ചയായി പരാജയപ്പെടുന്നത് ടീമിന് തലവേദനയാകുന്നുണ്ട്. അജിക്യ രഹാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. എന്നിട്ട് പോലും ഒരു നല്ല ടോട്ടലിലേക്ക് അവർക്ക് എത്താന്‍ സാധിച്ചുവെന്നുളളത് എത്രത്തോളം മികച്ചതാണ് അവരുടെ ടീമെന്ന് കാണിക്കുന്നതാണ്. അതോടൊപ്പം തുറുപ്പുചീട്ടായ രവിചന്ദ്ര അശ്വിനെ ഇറക്കി സ്റ്റീവന്‍ സ്മിത്തിന്‍റെ വിക്കറ്റ് നേടാന്‍ കഴിഞ്ഞതും നിർണായകമായി.
സ്കോർ DC 161/7 (20)RR 148/8 (20)
സോണി ചെറുവത്തൂർ (കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.