തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
ഇത്തവണ 53 അംഗങ്ങള്‍ സഭയില്‍ പുതുമുഖങ്ങളാണ്. സെക്രട്ടറി അക്ഷരമാലാ ക്രമത്തില്‍ പേര് വിളിക്കുമ്പോള്‍ ഓരോരുത്തരും നടുത്തളത്തില്‍വന്ന് സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പ് വയ്ക്കും. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി.അബ്ദുള്‍ ഹമീദും അവസാനം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രാതിനിധ്യ പ്രകാരം സഭാ ഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. തുടര്‍ന്ന്, ജൂണ്‍ 14 വരെ സഭാ സമ്മേളനം. 28 ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തില്‍ ചര്‍ച്ച നടക്കും.
ജൂണ്‍ നാലിന് പുതിയ സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ബജറ്റ് ചര്‍ച്ച. പത്തിന് ബജറ്റും 11ന് വോട്ടോണ്‍ അക്കൗണ്ടും പാസാക്കും. 14 വരെ സമയമുണ്ടെങ്കിലും 11ന് സഭാ സമ്മേളനം പിരിയാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.