ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന മേഖലകള്‍ സൈബര്‍ ആക്രമണ ഭീഷണിയിലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി

ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന മേഖലകള്‍ സൈബര്‍ ആക്രമണ ഭീഷണിയിലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി

കാന്‍ബറ: ഓസ്ട്രേലിയയുടെ തന്ത്രപ്രധാന മേഖലകള്‍ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്നതായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഭീഷണി വളരെ ആഴത്തിലുള്ളതാണെന്നും രാജ്യത്തെ വൈദ്യുതി ശൃംഖലയെതന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി മൈക്ക് പെസുള്ളോ പറഞ്ഞു.

ഓസ്ട്രേലിയയുടെ ജലസേചനം, ആരോഗ്യം, ഊര്‍ജം, ഗതാഗതം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളാണ് സൈബര്‍ ആക്രമണഭീഷണി നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വര്‍ഷം ആദ്യം സര്‍ക്കാരിനും ടിവി ചാനലായ 9-നും നേരേയുണ്ടായ സൈബര്‍ ആക്രമണം പരാജയപ്പെട്ടിരുന്നു. മാര്‍ച്ചില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റും ആക്രമണത്തിന് ഇരയായിരുന്നു. ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മൈക്ക് പെസുള്ളോയുടെ മുന്നറിയിപ്പ്.

അത്യധുനിക വിദേശ ഹാക്കര്‍മാര്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബിസിനസ് സംരംഭങ്ങളെയും ലക്ഷ്യമിടുന്നതായും സ്വന്തം നിലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പെസുള്ളോയും ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്നാണു സര്‍ക്കാര്‍ ഏജന്‍സികള്‍ കരുതുന്നത്.

അത്യാധുനിക കുറ്റവാളികളും മറ്റ് രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരും ഉയര്‍ത്തുന്ന ഭീഷണി കടുത്ത ആശങ്കയും സമ്മര്‍ദവുമാണ് ഓസ്ട്രേലിയയ്ക്കു സൃഷ്ടിക്കുന്നത്. കോവിഡ് മൂലമുള്ള മരണങ്ങള്‍ ഭയാനകമാണ്. അതിനൊപ്പം വൈദ്യുതിയില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ലെന്ന് മൈക്ക് പെസുള്ളോ പറഞ്ഞു. തന്ത്രപ്രധാന മേഖലകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.