ബലാറസ് സര്‍ക്കാരിന്റെ വിമാന റാഞ്ചല്‍ തന്ത്രത്തില്‍ പകച്ച് യാത്രക്കാര്‍; കൊടുംചതി തിരിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തന്‍

ബലാറസ് സര്‍ക്കാരിന്റെ വിമാന റാഞ്ചല്‍ തന്ത്രത്തില്‍ പകച്ച് യാത്രക്കാര്‍;  കൊടുംചതി തിരിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തന്‍

മിന്‍സ്‌ക്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം ബലാറസിലേക്കു വഴിതിരിച്ചുവിടുകയാണെന്ന പൈലറ്റിന്റെ അറിയിപ്പ് വന്ന നിമിഷം റോമന്‍ പ്രോട്ടാസെവിച്ച് തിരിച്ചറിഞ്ഞു, സ്വന്തം സര്‍ക്കാരിന്റെ കൊടുംചതി. തന്നെ പിടികൂടാന്‍ 171 പേരുള്ള വിദേശ യാത്രാവിമാനം ബലാറസ് സര്‍ക്കാര്‍ റാഞ്ചുകയാണെന്ന തിരിച്ചറിവ് മിന്നല്‍പിണര്‍ പോലെ മനസിലൂടെ കടന്നുപോയി. അതേസമയം ബോബ് ഭീഷണിയുടെ ഭയം മറ്റു യാത്രക്കാരെയും പിടികൂടി. ജീവന്‍ കൈയില്‍ പിടിച്ച് ഭീതിയുടെയും ആശങ്കയുടെയും മണിക്കൂറുകളിലൂടെയാണ് യാത്രക്കാര്‍ കടന്നുപോയത്.

ഗ്രീസില്‍നിന്ന് ലിത്വാനിയയിലേക്കു പറന്ന റെയ്ന്‍ എയറിന്റെ എഫ്.ആര്‍ 4978 വിമാനത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ പിടികൂടാന്‍ വിമാനംതന്നെ റാഞ്ചിയ രാഷ്ട്രത്തലവന്റെ ക്രൂരതന്ത്രത്തില്‍ നടുങ്ങിയിരിക്കുകയാണ് ലോകം. തന്റെ വിമര്‍ശകനെ കുടുക്കാന്‍ ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടപ്പാക്കിയ ഈ അസാധാരണനീക്കം മറ്റു യാത്രക്കാരിലും വലിയ നടുക്കം സൃഷിച്ചു. പ്രോട്ടാസെവിച്ചിനെ പിടികൂടാനെന്ന പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ബലാറസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറ്റു യാത്രക്കാരും നേരിട്ടത്.

ഏതന്‍സില്‍ നിന്ന് ലിത്വാനിയയിലെ വില്‍നിയസിലേക്കു പറക്കുകയായിരുന്ന വിമാനം ബെലാറസിന് മുകളിലെത്തിയപ്പോഴാണ് അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റിന് നിര്‍ദേശം ലഭിച്ചത്. വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു ബലറൂസിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അറിയിപ്പ്.

ബലാറസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വിമാനമിറക്കുകയാണെന്ന പൈലറ്റിന്റെ പ്രഖ്യാപനം വന്നയുടന്‍ ഒരു യാത്രക്കാരന്‍ മാത്രം അസാധാരണമായി പ്രതികരിച്ചതിനെക്കുറിച്ച് സഹയാത്രക്കാര്‍ ഓര്‍ക്കുന്നു. അനൗണ്‍സ്‌മെന്റ് കേട്ടയുടന്‍ പ്രോട്ടാസെവിച്ച് ചാടിയെഴുന്നേറ്റു. കൈയിലിരുന്ന ബാഗില്‍നിന്ന് ലാപ്‌ടോപ്പ് വലിച്ചെടുത്ത് മൊബൈല്‍ ഫോണിനൊപ്പം തൊട്ടടുത്ത സീറ്റിലെ സ്ത്രീ സുഹൃത്തിനു കൈമാറി. ലഗേജിലെ സാധനങ്ങള്‍ വേഗത്തില്‍ തരംതിരിക്കുന്നതും കണ്ടു.

വില്‍നിയസില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള മിന്‍സ്‌കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം നിലത്തിറങ്ങും. താന്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഭയം അയാളുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നെന്ന് മറ്റൊരു യാത്രക്കാരനായ മാന്റിസ് പറഞ്ഞു. തനിക്ക് ബലാറസ് സര്‍ക്കാര്‍ വധശിക്ഷ നല്‍കാന്‍ കാത്തിരിക്കുകയാണെന്നു പ്രോട്ടാസെവിച്ച് പറയുന്നുണ്ടായിരുന്നു.

വിമാനത്തില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. സാധനങ്ങള്‍ സ്ത്രീ സുഹൃത്തിനു നല്‍കാതെ പ്രോട്ടാസെവിച്ചിന് ഞാനടക്കമുള്ള മറ്റു യാത്രക്കാര്‍ക്ക് കൈമാറാമായിരുന്നു. ആ പെണ്‍കുട്ടിയും അറസ്റ്റിലായെന്നാണ് എനിക്കു കിട്ടിയ വിവരമെന്നു മാന്റിസ് കൂട്ടിച്ചേര്‍ത്തു.

വിമാനം മിന്‍സ്‌കിലിറങ്ങിയ ഉടന്‍ ബലറൂസിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രോട്ടാസെവിച്ചിനെ മറ്റു യാത്രക്കാരില്‍നിന്നു വേര്‍പെടുത്തി. സ്‌നിഫര്‍ നായ്ക്കള്‍ എത്തി അയാളുടെ ലഗേജുകള്‍ പരിശോധിച്ചു. മാസ്‌കും പാസ്‌പോര്‍ട്ടുമൊക്കെ വലിച്ചെടുക്കുന്നത് കണ്ടു. എന്താണു സംഭവിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്കു ലഭിച്ചില്ല. പ്രൊട്ടസെവിച്ച് കനത്ത സുരക്ഷയില്‍ നടന്നു നീങ്ങുന്നത് കണ്ടു. എല്ലാ യാത്രക്കാരുടെയും ലഗേജ് അവര്‍ പരിശോധിച്ചു.

വ്യാജബോബ് ഭീഷണിയെ ന്യായീകരിക്കാനാണ് അവര്‍ നായ്ക്കളെക്കൊണ്ട് ലഗേജുകള്‍ പരിശോധിപ്പിച്ചത്. അവരുടെ ലക്ഷ്യം അയാളുടെ അറസ്റ്റ് മാത്രമായിരുന്നുവെന്ന് ഞങ്ങള്‍ക്കു പിന്നീടു മനസിലായി. വിമാനത്തിലേക്കു തിരിച്ചുകയറുന്നതുവരെ മണിക്കൂറുകളോളം അവിടെ നിസഹായരായി ചെലവഴിക്കേണ്ടി വന്നു.

സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് പ്രൊട്ടസെവിച്ച്. പോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലഗ്രാം മെസേജിംഗ് ആപ്പായ നെക്സ്റ്റ ചാനലിന്റെ സഹസ്ഥാപകനാണ്. ഇപ്പോള്‍ ബെലമോ എന്ന മറ്റൊരു ടെലഗ്രാം ചാനലിലാണ് ജോലി ചെയ്യുന്നത്. രാജ്യത്ത് കലാപങ്ങള്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ച് തീവ്രവാദികളുടെ പട്ടികയിലാണ് പ്രോട്ടാസെവിച്ചിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ ബെലാറസില്‍ വന്‍ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കളും നിരവധി സര്‍ക്കാര്‍ വിരുദ്ധ മാധ്യമപ്രവര്‍ത്തകരും വിദേശരാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. റഷ്യന്‍ പിന്തുണയോടെയാണ് പ്രസിഡന്റ് ഭരണം തുടരുന്നത്.

കൂടുതല്‍ വായനയ്ക്ക്:

ഗ്രീസില്‍നിന്ന് ലിത്വാനിയയിലേക്കു പറന്ന യാത്രാവിമാനം തട്ടിയെടുത്ത് വിമര്‍ശകനെ അറസ്റ്റ് ചെയ്ത് ബലാറസ് പ്രസിഡന്റ്; ലോകവ്യാപക പ്രതിഷേധം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.