ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകളുമായി സര്‍ക്കാര്‍

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകളുമായി സര്‍ക്കാര്‍

കാന്‍ബറ: ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ആകര്‍ഷകമായ ഇളവുകളുമായി സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു വര്‍ഷത്തേക്കു സൗജന്യ രജിസ്‌ട്രേഷന്‍ അടക്കമുള്ള ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുവഴി ഇലക്ട്രിക് വാഹന വ്യവസായം പുഷ്ടിപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമല്ല സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും പഴയ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നവര്‍ക്കും ഈ ഇളവുകള്‍ ബാധകമാണ്. ഇതുവഴി പെട്രോള്‍ വൈദ്യുതി വാഹനങ്ങള്‍ തമ്മിലുള്ള വിലയിലെ അന്തരം കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഇളവ് ലഭ്യമാകുന്നത്.

മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ വേണമെന്നത് സര്‍ക്കാരിന്റെ ഏറെക്കാലമായുളള നിലപാടാണ്. ഇതുവഴി പാരിസ്ഥിതിക മലിനീകരണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇലക്ട്രിക് വാഹനങ്ങളെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ഇളവ് വരുന്നതോടെ വാഹനങ്ങള്‍ക്ക് നാലു മുതല്‍ അഞ്ച് ശതമാനം വരെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ വാഹനങ്ങള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റുന്നവര്‍ക്ക് രജിസ്‌ട്രേഷനിലടക്കം 1200 ഡോളറിന്റെ ഇളവും ലഭിക്കും.

വൈദ്യുതി വാഹനങ്ങളെ ഏറ്റവും അധികം പിന്തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ നഗരമാണ് കാന്‍ബറയെന്ന് എ.സി.ടി (ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി) ചീഫ് മിനിസ്റ്റര്‍ പീറ്റര്‍ ബ്രാര്‍ പറഞ്ഞു. കാന്‍ബറയില്‍ മാത്രമായി നിലവില്‍ ആയിരം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. പുതിയ ഇളവോടെ വൈദ്യുതി വാഹന വിപണി ചൂടുപിടിക്കുമെന്നും കൂടുതല്‍ വാഹന വില്‍പ്പന ഷോറൂമുകളടക്കം കാന്‍ബറ നഗരത്തില്‍ തുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം ചാര്‍ജിങ് സ്റ്റേഷനുകളും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തുടങ്ങും. വാഹന മോഡലുകളുടെ എണ്ണം ഡസനില്‍നിന്നു നൂറിലേക്കു കുതിക്കുമെന്നും പീറ്റര്‍ ബ്രാര്‍ പ്രതീക്ഷ പങ്കുവച്ചു. സീറോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് പലിശരഹിത വായ്പയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26