വത്തിക്കാന്‍ സിറ്റി: ശക്തവും സ്വതന്ത്രവുമായി ഒഴുകിയെത്തുന്ന കാറ്റിനു തുല്യമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമെന്നും ആ ശക്തി നമുക്ക് ധൈര്യവും പ്രത്യാശയും പകരുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധാത്മാവിന്റെ ദാനത്തിനായി നമ്മുടെ ഹൃദയങ്ങളെ തുറന്ന് കര്‍ത്താവിന്റെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം മദ്ധ്യാഹ്നത്തില്‍ സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും' ത്രികാല പ്രാര്‍ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാര്‍പാപ്പ.
ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാനും പരിശുദ്ധാത്മാവിനുവേണ്ടി ഹൃദയം തുറക്കാനും ധൈര്യത്തോടും പ്രത്യാശയോടും വിശ്വാസത്തോടുംകൂടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനും നമുക്കു കഴിയണമെന്നു മാര്‍പാപ്പ പറഞ്ഞു.
ഈശോയുടെ ഉയിര്‍പ്പിന്റെ 50-ാം നാള്‍ ജറൂസലേമില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അപ്പസ്‌തോല നടപടി പുസ്തകം വിവരിക്കുന്നത് മാര്‍പാപ്പ വിശദീകരിച്ചു. ശിഷ്യരോട് ഉന്നതങ്ങളില്‍നിന്ന് പരിശുദ്ധാത്മാവിന്റെ ദാനം ലഭിക്കുന്നതുവരെ നഗരത്തില്‍ തുടരാന്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പറയുന്നു. ഇതുപ്രകാരം ശിഷ്യന്മാര്‍ ഒരു മുറിയില്‍ ഒത്തുകൂടി. പരിശുദ്ധ കന്യാമറിയവും അവരോടൊപ്പമുണ്ടായിരുന്നു.
കൊടുങ്കാറ്റടിക്കുന്നതു പോലുള്ള ഒരു വലിയ ശബ്ദം ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന മുറിയിലാകെ നിറഞ്ഞു. യഥാര്‍ഥവും ഒപ്പം പ്രതീകാത്മകവുമായ അനുഭവമായിരുന്നത്രേ അത്. പരിശുദ്ധാത്മാവ് ശക്തവും സ്വതന്ത്രവുമായി ഒഴുകുന്ന കാറ്റ് പോലെയാണെന്ന് ഈ അനുഭവം വെളിപ്പെടുത്തുന്നു. അവിടുത്തെ നിയന്ത്രിക്കാനോ തടഞ്ഞുനിര്‍ത്താനോ അളക്കാനോ കഴിയില്ല. അവിടുത്തെ ആഗമനത്തിന്റെ ഒഴുക്ക് മൂന്‍കൂട്ടി അറിയാനും കഴിയുകയില്ല. മാനുഷികാവശ്യങ്ങള്‍ക്കോ, നമ്മുടെ രീതികള്‍ക്കോ മുന്‍വിധിക്കോ അനുസൃതമായി പരിശുദ്ധാത്മാവിനെ ഒരു ചട്ടക്കൂട്ടിലാക്കാന്‍ സാധ്യമല്ല. പരിശുദ്ധാത്മാവ് പിതാവായ ദൈവത്തില്‍നിന്നും അവന്റെ പുത്രനായ യേശുക്രിസ്തുവില്‍നിന്നും പുറപ്പെടുകയും സഭയില്‍ ഒാരോരുത്തരിലും വര്‍ഷിക്കുകയും ചെയ്യുന്നു. നമ്മുടെ മനസിനും ഹൃദയത്തിനും ജീവന്‍ നല്‍കുന്നു. വിശ്വാസം പഠിപ്പിക്കുന്നതുപോലെ, അവന്‍ 'ജീവന്‍ നല്‍കുന്ന കര്‍ത്താവാണ്'.
പെന്തക്കോസ്ത് നാളില്‍, യേശുവിന്റെ ശിഷ്യന്മാര്‍ വിഭ്രാന്തിയിലും ഭീതിയിലുമായിരുന്നു. പരസ്യമായി പുറത്തു പോകാനുള്ള ധൈര്യം പോലും അവര്‍ക്കില്ലായിരുന്നു. ജീവിതത്തില്‍ പലപ്പോഴും ഒരു മതില്‍ക്കെട്ടിനുള്ളില്‍ ഒളിച്ചിരിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. എന്നാല്‍ ദൈവം നമ്മുടെ ഹൃദയത്തിലേക്കുള്ള കവാടം തട്ടിത്തുറക്കുന്നു. അവിടുന്ന് പരിശുദ്ധാത്മാവിനെ അയച്ച് നമ്മുടെ സങ്കോചവും സംശയവും അകറ്റി ബലപ്പെടുത്തുന്നു. തെറ്റായ ഉറപ്പുകളെയും സ്വാര്‍ഥതയുടെ മതിലുകളെയും അവിടുന്നു തകര്‍ക്കുന്നു. ദൈവാരൂപി അപ്പസ്‌തോലന്മാരില്‍ പ്രവര്‍ത്തിച്ചപോലെ അവിടുന്നു നമ്മെ നവീകരിക്കുന്നു. പുതുജീവന്‍ പ്രദാനം ചെയ്യുന്നു.
പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്‌തോലന്മാര്‍ പഴയതുപോലെ ആയിരുന്നില്ല. അവര്‍ രൂപാന്തരപ്പെട്ടു. അവര്‍ നാലു ദിക്കുകളിലേക്കും സുവിശേഷം പ്രഘോഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. അവര്‍ യേശുവിനെക്കുറിച്ച് ഉറച്ച ബോധ്യത്തോടെ പറയാന്‍ തുടങ്ങി. അവിടുത്തെ ഉത്ഥാനത്തിന്റെ സാക്ഷികളായി അവര്‍ മാറി. അപ്പസ്‌തോലന്മാര്‍ എവിടെല്ലാം പ്രസംഗിച്ചുവോ, ജനം അവരുടെ സ്വന്തം ഭാഷയില്‍ മനസിലാക്കി.
അതിനായി പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ ഹൃദയത്തെ മാറ്റിമറിക്കുകയും കാഴ്ചപ്പാട് വിശാലമാക്കുകയും ചെയ്തു. ദൈവത്തിന്റെ മഹത്തായ പ്രവൃത്തികള്‍ എല്ലാവരുമായും ആശയവിനിമയം നടത്താന്‍ അവരെ ശക്തരും യോഗ്യരുമാക്കി തീര്‍ത്തു.
മറ്റുള്ളവരെ, സംസ്‌കാരത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ശ്രവിക്കാനും മനസിലാക്കാനും കരുത്തരാക്കി. ഇങ്ങനെയാണ് സഭയുടെ സാര്‍വത്രികതയും ഐക്യവും യാഥാര്‍ഥ്യമാകുന്നത്. സഭ എല്ലാ കാലത്തും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറം എത്തിപ്പെടേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു.
ക്രിസ്തു ശിഷ്യന്മാരുടെ ധൈര്യവും പ്രത്യാശയും വിശ്വാസവും ആവശ്യമാണ്. സകലരുടെയും ഹൃദയങ്ങളില്‍ ദൈവാത്മാവു വന്നു നിറയുകയും ദൈവസ്‌നേഹവും സൗന്ദര്യവും നമ്മെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചാണ് പാപ്പാ ത്രികാലപ്രാര്‍ഥനാ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.