തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താല എംഎല്‍എ എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകളാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയും കുണ്ടറ എംഎല്‍എയുമായ പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. 136 അംഗങ്ങളാണ് സഭയില്‍ ഹാജരായിരുന്നത്.
പ്രൊ ടൈം സ്പീക്കര്‍ പി.ടി.എ റഹിം വോട്ട് ചെയ്തില്ല. ആരോഗ്യ കാരണങ്ങളാല്‍ എല്‍ഡിഎഫിലെ രണ്ടംഗങ്ങളും യുഡിഎഫിലെ ഒരംഗവും ഹാജരായിരുന്നില്ല. മന്ത്രി വി.അബ്ദുറഹിമാന്‍ (താനൂര്‍), കെ.ബാബു (നെന്മാറ), എം.വിന്‍സന്റ് (കോവളം) എന്നിവര്‍ക്കാണ് സഭയില്‍ എത്താന്‍ പറ്റാതെ പോയത്. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ച രണ്ട് ബൂത്തുകളില്‍ ബാലറ്റിലൂടെയാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. കേരള നിയമസഭയുടെ 21ാമത്തെ സ്പീക്കര്‍ ആയിട്ടാണ് എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറിഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ രാജേഷ് രണ്ട് വട്ടം പാലക്കാട് എം.പിയായിരുന്നു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.