കുതിരയുടെ ജഡം സംസ്‌കരിക്കാന്‍ വൻജനക്കൂട്ടം; 14 ദിവസത്തേക്ക് ഗ്രാമം അടച്ചു

കുതിരയുടെ ജഡം സംസ്‌കരിക്കാന്‍ വൻജനക്കൂട്ടം; 14 ദിവസത്തേക്ക് ഗ്രാമം അടച്ചു

ബാംഗ്ലൂർ: ലോക് ഡൗൺ ലംഘിച്ച് കർണാടകത്തിലെ ബെലഗാവിയിൽ ഒരു മഠത്തിലെ കുതിരയുടെ ജഡം സംസ്കരിച്ച ചടങ്ങിൽ പങ്കെടുത്തത് ആയിരക്കണക്കിനു പേർ. മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്. ശനിയാഴ്ച നടന്ന സംസ്കാരച്ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ചാണ് വൻജനക്കൂട്ടം പങ്കെടുത്തത്. ഇതേത്തുടർന്നാണ് ആരോഗ്യപ്രവർത്തകർ ഗ്രാമം അടച്ചത്.

ചത്ത കുതിരയുടെ ജഡം ഏറെ നേരം പൊതുദർശനത്തിന് വെച്ചിരുന്നു. ശേഷം വിവിധ ആചാരനാനുഷ്ഠാനങ്ങളോടെയാണ് സംസ്കരിച്ചത്. പ്രദേശവാസികൾ കുതിരയ്ക്ക് വിശുദ്ധ പദവി നൽകിയിരുന്നതായി പറയുന്നു. കോവിഡിനെതിരേ കുതിരയെവെച്ച് രണ്ടുദിവസം മുമ്പ് മഠത്തിൽ പ്രത്യേക പൂജയും നടത്തിയിരുന്നു. മഠത്തിന്റെ കെട്ടിടത്തിൽനിന്ന് സമീപത്തെ മറ്റൊരിടത്തേക്ക് ജഡം വിലാപയാത്രയായി കൊണ്ടുപോയിയായിരുന്നു സംസ്കാരം. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി തന്നെയുണ്ടായിരുന്നു. സാമൂഹികാകലം പാലിക്കാതെയും മുഖാവരണങ്ങൾ അലക്ഷ്യമായി ധരിച്ചുമാണ് ഭൂരിഭാഗം പേരുമെത്തിയത് .

സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസും ആരോഗ്യപ്രവർത്തകരുമെത്തി ഗ്രാമം ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടക്കുകയായിരുന്നു. ഗ്രാമത്തിനുള്ളിലേക്കോ പുറത്തേക്കോ ആർക്കും പ്രവേശനമില്ല.

വലിയതോതിൽ കൂടിച്ചേരലുണ്ടായതോടെ രോഗവ്യാപനം തീവ്രമാകുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് കോവിഡ് പരിശോധനാക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും ബെലഗാവി എസ്.പി. ലക്ഷ്മൺ നിംബാർഗി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.