ചാലക്കുടി: മുംബൈയിൽ താമസിക്കുന്ന പരിയാരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേർ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാക്കര വീട്ടിൽ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യയുമായ ഗ്രേസി (62), മകൻ ജോളി (58), മകൾ വത്സയുടെ മകൻ ടോണി (36) പോളിന്റെ സഹോദരൻ ദേവസി (86) എന്നിവരാണ് മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് കുടുംബത്തിലെ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വത്സ ഏപ്രിൽ എട്ടിനും ടോണി 16-നും ദേവസി 22-നും ഗ്രേസി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരിച്ചു. എന്നാൽ, ഇവർക്ക് കാര്യമായ ചികിത്സയോ, മരുന്നോ ലഭ്യമായിരുന്നില്ലെന്നാണ് നാട്ടിൽ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കൾ പറഞ്ഞു.
വത്സയുടെയും ഗ്രേസിയുടെയും ഭർത്താക്കന്മാർക്കും മകൻ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകൻ റോണിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി. ടോണിക്കാണ് ആദ്യം കോവിഡ് വന്നത്. പിന്നീട് മറ്റുള്ളവർക്കും.
വർഷങ്ങൾക്ക് മുമ്പാണ് പോളും സഹോദരൻ ദേവസിയും മുംബൈയിലേക്ക് ജോലിതേടി പോയത്. മുംബൈയിൽ യുണൈറ്റഡ് മോട്ടോഴ്സിലായിരുന്നു ജോലി. മക്കളും മുംബൈയിൽ ജോലിക്കാരായിരുന്നു. പോൾ ഏതാനും വർഷം മുമ്പാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.