ന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ, പീഡന കേസുകളില്‍ ഇരയായവരുടെ മനോവ്യഥ കൂട്ടുന്ന തരത്തിലുള്ള ജാമ്യ വ്യവസ്ഥകളും പരാമര്‍ശങ്ങളും കോടതികള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. കൂടാതെ ലൈംഗികാതിക്രമങ്ങളുടെ ഗൗരവം കുറച്ചു കാട്ടുന്ന നടപടി പാടില്ലെന്ന മുന്നറിയിപ്പോടെ, ജാമ്യ ഉത്തരവുകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പീഡനത്തിന് ഇരയായ യുവതിക്കു പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍.
ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയും ഇരയായ വ്യക്തിയും തമ്മില്‍ കൂടിക്കാഴ്ച വേണ്ടി വരുന്ന ജാമ്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കരുത്. ഉപദ്രവമോ ഭീഷണിയോ നിലനില്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയ ശേഷം സംരക്ഷണത്തിന് ഉത്തരവിടണം. പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ അക്കാര്യം പരാതിക്കാരിയെ അറിയിക്കണം. പുരുഷകേന്ദ്രീകൃതമായ 'സ്റ്റീരിയോ ടൈപ്പ്' പരാമര്‍ശങ്ങള്‍ സ്ത്രീകളെക്കുറിച്ചു പറയരുത്. ഇരയുടെ വസ്ത്രം, സ്വഭാവം, മുന്‍കാല പെരുമാറ്റം, ധാര്‍മികത എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ജാമ്യഉത്തരവില്‍ ഒഴിവാക്കണം.
പീഡന, ലൈംഗികാതിക്രമ കേസുകളില്‍ ഇരയായവരും പ്രതിയും തമ്മില്‍ വിവാഹം ചെയ്ത് ഒത്തുതീര്‍പ്പിലെത്താന്‍ പ്രേരിപ്പിക്കുന്ന നടപടി പാടില്ല. ഇരയായ വ്യക്തിക്ക് കോടതിയുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വാക്കാലോ രേഖാമൂലമോ ഒഴിവാക്കണം. രാത്രി തനിച്ചാകുന്നത്, വസ്ത്രധാരണം, മദ്യപാനം തുടങ്ങി വിഷയങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീയെക്കുറിച്ചുള്ള പുരുഷകാഴ്ചപ്പാടിലുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.