അമ്മയുടെ നേതൃത്വം മൗനം വെടിയണം; തുറന്ന കത്തുമായി രേവതിയും പദ്മപ്രിയയും

അമ്മയുടെ നേതൃത്വം മൗനം വെടിയണം; തുറന്ന കത്തുമായി രേവതിയും പദ്മപ്രിയയും

 കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മ (A.M.M.A) യ്ക്ക് തുറന്ന കത്തുമായി രേവതിയും പദ്മപ്രിയയും. അമ്മയുടെ നേതൃത്വം മൗനം വെടിയണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ നിരവധി ചോദ്യങ്ങളും സിനിമ മേഖലയിൽ അടുത്തിടെ നടന്ന സംഭവങ്ങളോടുള്ള രൂക്ഷമായ വിമർശനവുമുണ്ട്.ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ സംഘടനയില്‍ നിന്ന് രാജിവച്ച നടി പാര്‍വതി തിരോവോത്തിനെ കത്തില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

സംഘടനയുടെ നേതൃത്വത്തിലുള്ള മോഹന്‍ലാല്‍, മുകേഷ്, ഇന്ദ്രന്‍സ്, ജയസൂര്യ, ഹണി റോസ്, രചന നാരായണന്‍കുട്ടി, ജ​ഗദീഷ്, അജു വര്‍​ഗീസ്, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ക്കാണ് രേവതിയും പദ്മപ്രിയയും കത്തെഴുതിയിരിക്കുന്നത്.

അഭിനേതാക്കൾ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ നടപടിയെടുക്കാനുള്ള അമ്മ നേതൃത്വത്തിന്റെ മനസ്സില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവേള ബാബു മാധ്യമങ്ങളില്‍ നടത്തിയ അഭിമുഖങ്ങളും അതെ തുടര്‍ന്ന് വെെസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചും എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഒരു സുപ്രധാന ചോദ്യം.

നേതൃത്വത്തിലെ ചില അംഗങ്ങള്‍ സംഘടനയെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയപ്പോൾ എന്താണ് നടപടിയെടുക്കാത്തതെന്നും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ഉപദ്രവത്തെ തടയുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പോഷ് ആക്റ്റ് (POSH ACT) നേതൃത്വം നടപ്പിലാക്കിയിട്ടുണ്ടോ എന്നതുമാണ് കത്തിൽ ഉന്നയിക്കുന്ന മറ്റു ചോദ്യങ്ങൾ. അമ്മയുടെ നേതൃത്വത്തെ മുഴുവൻ വിമർശിക്കുന്ന കത്ത് സംഘടനയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.