കേരളത്തിന് താൽക്കാലിക ആശ്വാസം; ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കൊച്ചിയിൽ എത്തിച്ചു

കേരളത്തിന് താൽക്കാലിക ആശ്വാസം; ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കൊച്ചിയിൽ എത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തില്‍ എത്തി. ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തി.

ഇവ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റീജിയണൽ ഓഫിസിൽ എത്തിച്ചു.ഇത് ആശുപത്രികളിലേക്ക് ഉടന്‍ വിതരണം ചെയ്യും. കെഎംഎസ്‍സിഎല്ലിനാണ് വിതരണ ചുമതല. രോഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ടു ചെയ്തു തുടങ്ങിയതോടെ മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. ഇതോടെയാണ് കൂടുതൽ മരുന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒൻപത് ബ്ലാക്ക് ഫംഗസ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് ഇതര സംസ്ഥാനക്കാർ ഉൾപ്പടെ 35 ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.

കേരളത്തിന് പുറത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതലായി രോഗം റിപ്പോർട്ടു ചെയ്യാനുള്ള സാധ്യത പരിഗണിച്ച് ആംഫറ്റെറിസിൻ ബി ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. കടുത്ത ഫംഗൽ രോഗത്തിന് നേരത്തേ മുതൽ ഉപയോഗിച്ചു വരുന്ന മരുന്നാണ് ലൈപോസോമൽ ആംഫറ്റെറിസിൻ ബി.

കഴിഞ്ഞ ദിവസം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതല്‍ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് നിലവില്‍ പരിഹാരമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.