അച്ഛന് കുഞ്ഞിന്റെ സ്‌നേഹം നിഷേധിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിച്ച് കോടതി

അച്ഛന് കുഞ്ഞിന്റെ സ്‌നേഹം നിഷേധിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിച്ച് കോടതി

കൊച്ചി: അച്ഛനില്‍നിന്ന് കുഞ്ഞിനെ അകറ്റി നിര്‍ത്തിയ അമ്മയുടെ നടപടി ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സ്വദേശിക്ക് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. കുഞ്ഞിന്റെ സ്‌നേഹം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മാതാപിതാക്കളിലൊരാള്‍ കുട്ടിയെ മറ്റെയാളില്‍നിന്ന് മനഃപൂര്‍വം മാറ്റിനിര്‍ത്തുന്നത് മാനസികമായ ക്രൂരതയാണ്. ഇതു കണക്കിലെടുത്ത് ഹര്‍ജിക്കാരന് വിവാഹ മോചനത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യ ക്രൂരമായി പെരുമാറുന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി തള്ളിയതിനെതിരേയുള്ള അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതി വിലയിരുത്തല്‍.

ഒരാള്‍ക്ക് അയാളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ നിഷേധിക്കുന്നതിനെക്കാള്‍ വലിയ വേദനയില്ല. അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തിന് കുട്ടിക്ക് അവകാശമുണ്ട്. ഇതേ പോലെ കുട്ടിയുടെ സ്‌നേഹത്തിനും അടുപ്പത്തിനും മാതാപിതാക്കള്‍ക്കും അവകാശമുണ്ട്. ഇതു നിഷേധിക്കുന്നത് ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി.

2009 - ലായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. ആദ്യ നാളുകളില്‍ത്തന്നെ ഭാര്യ വഴക്കു തുടങ്ങിയെന്ന് ഹര്‍ജിയില്‍ പറയുന്നു. 2011-ല്‍ കുഞ്ഞു ജനിച്ചു. ഇതറിഞ്ഞ് ആശുപത്രിയിലെത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടാണ് ഹര്‍ജിക്കാരനും മാതാപിതാക്കള്‍ക്കും കുഞ്ഞിനെ കാണാന്‍ അവസരമൊരുക്കിയത്. പിന്നീട് കുട്ടിയെ വിട്ടു കിട്ടാന്‍ ഹര്‍ജിക്കാരന്‍ കുടുംബ കോടതിയെ സമീപിച്ചു. ഒത്തുതീര്‍പ്പനുസരിച്ച് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

കുട്ടിയെ പിറന്നാള്‍ ദിനത്തില്‍ കാണാനെത്തിയപ്പോള്‍ സമ്മാനങ്ങളും കേക്കും വീടിന്റെ മുന്‍വാതിലില്‍ വെച്ചിട്ടു പോരേണ്ടി വന്നു. തുടര്‍ന്നാണ് വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഭാര്യയുടെ പെരുമാറ്റം തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.