മലപ്പുറം: മലബാറില്‍ ഏറെ സുപരിചിതമാണ് ഷമാം. ഷമാം മലബാറിന്റെ മണ്ണിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രം. ഉത്തരേന്ത്യന്‍ നാടുകളില്‍ വളരെ സുപരിചിതമാണെങ്കിലും ഇവ കേരളത്തില്‍ അത്ര പ്രചാരത്തിലില്ല. ഗള്‍ഫ് നാടുകളിലെ പഴം എന്ന നിലയ്ക്കാണ് ഷമാം അഥവാ മസ്‌ക് മെലോണ്‍ അറിയപ്പെടുന്നത്.
വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിഞ്ഞാല്‍ ഏറെ പ്രിയമുള്ള ഒന്നാണ് ഷമാം ഷെയ്ക്ക്. തണ്ണിമത്തന്‍ പോലെത്തന്നെ പോഷക കലവറയാണ് ഷാമാമും. 90 ശതമാനത്തിനു മുകളില്‍ ജലാംശമുള്ള ഇതിന്റെ കായ്കളില്‍ ജീവകം സി, ജീവകം എ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാഗ്‌നീഷ്യം, സിങ്ക് മുതലായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരിയായ കൃഷി പരിപാലന മുറകളിലൂടെ തണ്ണിമത്തന്‍ പോലെ കര്‍ഷകര്‍ക്ക് നല്ല ആദായം നല്‍കുന്ന മറ്റൊരു വിളകൂടിയാണ് ഷമാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മറ്റു വേനല്‍ക്കാല വെള്ളരി വിളകളെ പോലെത്തന്നെ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയാണ് ഷമാം. ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഷമാം കൃഷിക്ക് അനുയോജ്യം. അതുകൊണ്ടുതന്നെ കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഈ വിളയും കൃഷി ചെയ്തെടുക്കാന്‍ സാധിക്കുമെന്നതാണ് പുതിയ പരീക്ഷണത്തിനു വഴിയൊരുക്കിയത്.
കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. സി. ഇബ്രാഹീം കുട്ടിയുടെ മേല്‍നോട്ടത്തില്‍ അസി. പ്രൊഫസര്‍ കെ. പ്രശാന്താണ് ഷമാം കൃഷി പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കെ.വി.കെയിലെ പരീക്ഷണത്തോട്ടം, ചങ്ങരംകുളം എറവറാംകുന്ന് പാടശേഖരം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. ഇതിനായി ബെംഗളൂരുവിലെ ഭാരതീയ ഉദ്യാനവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള ഇനം അര്‍ക്ക സിറി, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പഞ്ചാബ് സുനീറി എന്നീ ഇനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.