ആലപ്പുഴ: ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം.
അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ തടസമില്ല. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും.
കടല്‍ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണം. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ നടപടി എടുക്കും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലീസ് സേവനം ആവശ്യമാണെങ്കില്‍ ജില്ലാ പൊലീസ് മേധാവികളുടെ അനുവാദത്തോടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍കോഡ് ചെയ്യണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.