ഇടുക്കി: മിഷൻ പ്രവർത്തകനും, ആദ്ധ്യാത്മിക പ്രഭാഷകനും, സാമൂഹിക പ്രവർത്തകനുമായ ഫാദർ ജോസഫ് തൂങ്കുഴി (92) അന്തരിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ 29 ശനിയാഴ്ച രാവിലെ 09.30-ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തൂങ്കുഴി മറിയാമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അണക്കരയിലെ ഗ്രീൻ ഹെവൻ വില്ലാ ചാപ്പലിൽ. സംസ്കാര ശ്രശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
തൂങ്കുഴി മറിയാമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫൗണ്ടർ ചെയർമാനാണ് ഫാദർ ജോസഫ്. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതയിലെ അമ്പൂരി, കിടങ്ങറ, പഴയകൊരട്ടി, മ്ലാമല, അമലഗിരി, ഉപ്പുതറ എന്നീ ഇടവകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാരിക്കുളം തൂങ്കുഴിയില്‍ തോമസ്, മറിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായി 1931 ജനുവരി എട്ടിനാണ് അദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം വിളക്കുമാടം, കാഞ്ഞിരപ്പള്ളി സ്കൂളുകളില്‍. 1949ല്‍ ചങ്ങനാശ്ശേരി രൂപതാ സെമിനാരിയിലും തുടര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും പഠിച്ചു. 1958 മാര്‍ച്ച് 12ന് വൈദികനായി അഭിഷിക്തനായി. ആദ്യ നാല് വത്സരങ്ങള്‍ ഹൈറേഞ്ചിലും കിടങ്ങറയിലും സേവനമനുഷ്ഠിച്ച അദേഹത്തെ 1962ല്‍ തെക്കേ അമേരിക്കയിലെ ഗയാനയിലേക്ക് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു.
ബ്രസീലിലും , അമേരിക്കയിലും സേവനം അനുഷ്ഠിച്ചിട്ടുള ഫാദർ ജോസഫ്, അമേരിക്കയിൽ വച്ച് ഇല്ലിനോയിലുള്ള ബെൽവിൽ രൂപതയിൽ ചേരുകയും, അവിടെ തുടർസേവനം അനുഷ്ഠിക്കുകയും ചെയ്തു.
1970-ല്‍ നാട്ടില്‍ തിരിച്ചെത്തി നിര്‍മലഗിരി, പുത്തന്‍ കൊരട്ടി ഇടവകകളില്‍ സേവനം ചെയ്തു. 1977ല്‍ രണ്ടാം ഘട്ട മിഷണറി സേവനത്തിനായി ബ്രസീലിലേക്കാണ് അയച്ചത്. 1986ല്‍ ബ്രസീലില്‍ നിന്നും യു.എസ്.എയിലെത്തി വിവിധ ഇടവകകളിലും ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഇടവക ശുശ്രൂഷകളില്‍നിന്ന് വിരമിച്ച അദ്ദേഹം ക്യാന്സാസ് സ്റ്റേറ്റിലെ ലെമന്‍ വര്‍ത്ത് പട്ടണത്തില്‍ ഉപവികളുടെ സന്യാസിനീ സമൂഹത്തിന്റെയും അവരുടെ രണ്ട് ആശുപത്രികളുടെയും ചാപ്ലിനായി സേവനമനുഷ്ഠിച്ചു.
നാട്ടിലെത്തിയ ജോസഫച്ചന് വിവിധ ആതുര സേവനമേഖലകളില്‍ പ്രവര്ത്തനലക്ഷ്യമാക്കി അണക്കരയില്‍ ഗ്രീന്‍ ഹെവന്വില്ല എന്ന വൃദ്ധസദനം ആരംഭിച്ചു. മാതാപിതാക്കളുടെ സ്മരണാര്‍ത്ഥം തൂങ്കുഴി തോമസ്-മറിയാമ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രവര്‍ത്തനവും തുടങ്ങി.
ട്രസ്റ്റിന്റെ കീഴില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ പഠനം, സാധുജനങ്ങളുടെ ഭവനനിര്‍മാണം, കുട്ടികള്‍ക്ക് ഉപരിപഠനസഹായം, കര്‍ഷകര്‍ക്ക് സൗജന്യ കന്നുകാലി വിതരണം, വിവിധ വായ്പാപദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അണക്കരയിലും പ്രാന്തപ്രദേശങ്ങളിലുമായി 30 നിര്‍ധനകുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ചെലവഴിച്ച് ഭവനവും നിര്‍മിച്ചുകൊടുത്തിരുന്നു. രണ്ടാം ഘട്ടമായി ട്രസ്റ്റിന്റെ മൂന്നേക്കറില്‍ അധികം വരുന്ന സ്ഥലത്ത് 33 ഭവനങ്ങള്‍, ഒരു കമ്യൂണിറ്റി സെന്റര്‍, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടുകൂടി 33 നിര്‍ധന കുടുംബങ്ങളെ അവിടെ അധിവസിപ്പിക്കുവാനാണ് അച്ചന് ആഗ്രഹിച്ചത്.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രമുഖ ധ്യാനകേന്ദ്രമായ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ സുഗമമായി നടത്തുന്നതിനായി ട്രസ്റ്റിന്റെ സ്ഥലവും സൗജന്യമായി വിട്ടുകൊടുത്തു. പ്രസ്തുത സ്ഥലത്താണ് ഇന്ന് ധ്യാനകേന്ദ്രം പ്രവർത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.