അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ, അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ് (മത്താ 1:-19-20).
മറിയത്തിന്റെ ജീവിതത്തിൽ അഭേദ്യമായ ഒരു സ്ഥാനമുണ്ടായിരുന്ന വ്യക്തിയാണ് ജോസഫ്. മൂന്നു പ്രാവശ്യം കർത്താവിന്റെ ദൂതൻ ജോസഫിന് പ്രത്യക്ഷപെട്ട് നൽകുന്ന മാർഗനിർദേശങ്ങൾ ജോസഫ് അനുസരിക്കുന്നതായി വചനത്തിൽ നാം വായിക്കുന്നു. മറിയത്തെ സ്വീകരിക്കുന്നത് , ഈജിപ്തിലേക്കുള്ള പലായനം, നസ്രത്തിലേക്കുള്ള തിരിച്ചു വരവ് ഇതെല്ലാം ദൂതന്റെ കല്പനപ്രകാരം ജോസഫ് അനുസരിക്കുന്നു.
മേല്പറഞ്ഞ വചനത്തിൽ, ജോസഫിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, ജോസഫ് നീതിമാൻ ആയിരുന്നു എന്നാണ്. ബൈബിളിലിൽ നീതി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളുടെ അർത്ഥം പരമാർത്ഥത അല്ലെങ്കിൽ നേര് എന്നാണ്. സ്വന്തം നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തന്നെ വിലയിരുത്തുന്ന സ്വയം നീതി അല്ല അത് (ലൂക്കാ 16:15) മറിച്ച് ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്ത ദൈവീകനീതിയാണ്. ദൈവത്തിലും അവിടുത്തെ കല്പനകളിലും വിശ്വസിക്കുകയും, അത് അനുസരിച്ച് നിഷ്ക്കളങ്ക ജീവിതം നയിച്ച് ദൈവീക നീതിക്കൊത്തുയർന്ന ഒരു വ്യക്തിയാണ് ജോസഫ്.
നിസാര പ്രശ്നങ്ങളുടെ പേരിൽ കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജീവിതപങ്കാളിയോടുള്ള കരുതൽ, പരസ്പര ബഹുമാനം ഒക്കെ വ്യക്തമാക്കുന്ന പരാമർശമാണ്, ജോസഫിന് ഭാര്യയെ അപമാനിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല എന്നത്. തീർച്ചയായും കുടുംബങ്ങൾ മാതൃകയാക്കേണ്ട ഒന്നാണിത്.
കർത്താവിന്റെ ദൂതൻ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ദൈവഹിതത്തിനു തന്നെതന്നെ പൂർണ്മായും വിട്ടുകൊടുത്ത പരിശുദ്ധ അമ്മയെയും , യൗസേപ്പിതാവിനെയും നമ്മുടെ കുടുംബങ്ങൾക്ക് മാതൃകയാക്കാം. നീതിയെ മുറുകെ പിടിക്കുവാനും, വിശുദ്ധമായ കുടുംബജീവിതം നയിക്കുവാനുമുള്ള കൃപയ്ക്കായി നമുക്ക് നീതിമാനായ ദൈവത്തോട് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.