മുംബൈ: കോവിഡ് രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ആദ്യതരംഗത്തില്‍ കോവിഡ് പ്രതിരോധത്തിനായി പിന്തുടര്‍ന്ന 'ധാരാവി മോഡല്‍' ആവര്‍ത്തിച്ച് വ്യാപനത്തെ തടഞ്ഞിരിക്കുകയാണ് ധാരാവി. രോഗവ്യാപനം രൂക്ഷമായ ഏപ്രില്‍ മാസം പ്രതിദിനം 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ധാരാവിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകള്‍ മാത്രം എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും.
നിലവില്‍ ചികിത്സയില്‍ ഉള്ളത് 50 പേര്‍ മാത്രമാണ്. 6802 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 6398 പേരും രോഗമുക്തി നേടി. സമീപമുളള ദാദര്‍, മഹിം പ്രദേശങ്ങളില്‍ യഥാക്രം 204, 254 സജീവകേസുകളുളളപ്പോഴാണ് ജനം തിങ്ങിപ്പാര്‍ക്കുന്ന ധാരാവി കോവിഡിനെ പിടിച്ചു കെട്ടിയത്. 2020 ഏപ്രില്‍ മാസത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ പിന്നെ ഇതുവരെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 354 പേരാണ്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം മുംബൈയില്‍ രൂക്ഷമാകുന്നത് ഫെബ്രുവരി മുതലാണ്. ഫെബ്രുവരി പകുതിയോടെ ധാരാവിയിലും കേസുകള്‍ ഉയര്‍ന്നു. ക്രമേണ കേസുകള്‍ ഉയരുകയും ഏപ്രില്‍ എട്ടിന് പ്രതിദിന കേസുകള്‍ 99 ല്‍ എത്തുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന പോലും അഭിനന്ദിച്ച ധാരാവി മോഡല്‍ വീണ്ടും നടപ്പാക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഈ നാലു'ടി' കള്‍ ചേര്‍ന്നതാണ് ധാരാവി മോഡല്‍.
'2020 ഡിസംബറിലും 2021 ജനുവരി തുടക്കത്തിലും വൈറസ് വ്യാപനം കുറവായിരുന്നുവെങ്കിലും ധാരവിയിലെ കേസുകളുടെ സമഗ്ര പരിശോധനയും നിരീക്ഷണവും ഞങ്ങള്‍ തുടര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം ഫെബ്രുവരിയോടെ ധാരാവിയെയും ബാധിച്ചുതുടങ്ങിയതോടെ ധാരാവി മോഡല്‍ ഞങ്ങള്‍ വീണ്ടും സജീവമാക്കി.' ജി-നോര്‍ത്ത് വാര്‍ഡിലെ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു.
രോഗലക്ഷണങ്ങളുളള വ്യക്തികളുടെ വീടുകള്‍ തോറുമുളള പരിശോധന, ധാരാവിയുലുളള മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക, ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഒപ്പം ഡെലിവറി തൊഴിലാളികള്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരെ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ കോവിഡ് വ്യാപനം വളരെയധികം കുറയ്ക്കുന്നതിന് സഹായിച്ചതായി ദിഘവ്കര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.