നാളുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ തയാറായ ഹൈക്കോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റു ന്യൂന പക്ഷങ്ങള്‍ക്കും നല്‍കുന്ന, ഏറെ വിമര്‍ശന വിധേയമായ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ അമല്‍ സിറിയക് ജോസിന്റെ പിന്തുണയോടെ അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെകുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2008 ല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചത്. പാലോളി കമ്മിറ്റി മുന്നോട്ടുവച്ച അഭ്യര്‍ത്ഥന അംഗീകരിച്ച് സച്ചാര്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് നയ രൂപീകരണം നടത്തുവാന്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിമര്‍ശന വിധേയമായ 80 :20 അനുപാതം നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇതര വിഭാഗങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സഭാധ്യക്ഷന്മാരും ക്രൈസ്തവ സംഘടനകളും നിരന്തരം ഇതേ ആവശ്യമുന്നയിച്ചു രംഗത്തുണ്ടായിരുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്തു ജില്ലകളിലായി നടന്ന സിറ്റിങ്ങുകളില്‍ വിവിധ ക്രൈസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു.
മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കണം എന്ന് ക്രൈസ്തവ സമൂഹം ഒരിക്കലും ആവശ്യപ്പെടുന്നില്ല. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനപക്ഷമായ ക്രൈസ്തവ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിച്ചേ തീരു. അവകാശങ്ങള്‍ നിഷേധിക്കുന്നത് അടിച്ചമര്‍ത്തുന്നതിന് തുല്യമാണ്. ഏതായാലും ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തതും ഇപ്പോഴത്തെ കോടതി വിധിയും നീതിയുടെ കിരണങ്ങള്‍ അകലെയല്ല എന്ന ആശ്വാസം ക്രൈസ്തവ സമുദായങ്ങള്‍ക്ക് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.