ന്യൂനപക്ഷ ക്ഷേമ പദ്ധതി: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി; നീതിയുടെ വിജയമെന്ന് കെസിസി

ന്യൂനപക്ഷ ക്ഷേമ പദ്ധതി: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി; നീതിയുടെ വിജയമെന്ന് കെസിസി


കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) സ്വാഗതം ചെയ്തു.

ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണ്. ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റേയും പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യുനപക്ഷ കമ്മീഷനും രൂപീകരിച്ചത്. അതേത്തുടര്‍ന്നാണ് വിവിധ ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ന്യുനപക്ഷ വിഭാഗത്തിനായി നടപ്പിലാക്കിയതും.

എന്നാല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി മുഹമ്മദ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടും അവര്‍ക്കു വേണ്ടി മാത്രമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു എന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.

ന്യുനപക്ഷ ക്ഷേമ പദ്ധതികള്‍ എന്ന് വിഭാവനം ചെയ്ത്, പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുള്ളതുമായ എല്ലാ മതന്യുനപക്ഷങ്ങളേയും ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയം: കെസിസി


തിരുവല്ല: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം ഉത്തരവിലൂടെ നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയം ആണെന്നും ദീര്‍ഘകാലമായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും ഉയര്‍ത്തിയിരുന്ന ഈ ആവശ്യം നീതിപൂര്‍വകം ആയിരുന്നെന്നു വിധി തെളിയിക്കുന്നതായും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ ആവശ്യം ഉള്‍പ്പെടെയുള്ളവ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും മറ്റു ചില താല്‍പര്യങ്ങള്‍ കാരണം അത് അവഗണിച്ച സര്‍ക്കാര്‍ നടപടിയുടെ പക്ഷപാത നിലപാട് ഉത്തരവിലൂടെ വെളിപ്പെട്ടതായും കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് എന്നിവര്‍ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് കെ.സി.സി ജനുവരി അവസാനം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അവകാശ സംരക്ഷണ യാത്ര നടത്തിയിരുന്നു. 2014 ലെ ന്യൂനപക്ഷ കമ്മീഷന്‍ നിയമം അനുസരിച്ച് ക്രൈസ്തവര്‍ക്ക് ലഭിക്കേണ്ട ഒരു അംഗത്തെ 2017ല്‍ നിയമ ഭേദഗതിയിലൂടെ നിഷേധിച്ചപ്പോള്‍ അതിനെതിരെ ശബ്ധിക്കുവാന്‍ നിയമസഭയിലെ ഒരു അംഗം പോലും തയ്യാറായില്ല. എട്ട് അംഗങ്ങള്‍ ഉണ്ടായിരുന്ന സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ മാത്രമാണ് ഉള്ളത്.

ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനത്തിനായുള്ള പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളില്‍ സംസ്ഥാനത്ത് ആകെയുള്ള 39 പേരില്‍ ഏഴ് പേര്‍ മാത്രം ആണ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഉള്ളത്. മത്സര പരീക്ഷകളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായുള്ള കേന്ദ്രങ്ങളില്‍ ഒന്നില്‍ പോലും ക്രൈസ്തവ വിഭാഗത്തിനു മതിയായ പങ്കാളിത്തം നല്‍കുന്നില്ല. ഈ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നീതി നടപ്പിലാക്കിയില്ലെങ്കില്‍ നീതി സംരക്ഷണത്തിനായി കോടതിയെ സമീപിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും കെസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.