കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷ പദവിയില്‍ ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷ പദവിയില്‍ ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

കൊച്ചി: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടര്‍ന്നു സമ്മേളിച്ച മെത്രാന്‍ സിനഡാണ് തക്കല രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായി 2011 മെയ് 14 ന് തെരഞ്ഞെടുത്തത്.

2011 മെയ് 29 ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കിടയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തു.

ലളിത ജീവിതം മുഖമുദ്രയാക്കിയ സീറോ മലബാര്‍ സഭയുടെ വലിയ പിതാവിന്റെ സ്ഥാനരോഹണത്തിന്റെ ദശ വാര്‍ഷികവും ആഘോഷങ്ങളില്ലാതെ കടന്നു പോകുന്നു. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ പിതാവ് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കൂരിയായിലെ വൈദികരും സിസ്റ്റേഴ്‌സും വിവിധ ശുശ്രൂഷകള്‍ ചെയ്യുന്നവരും വിശുദ്ധ കുര്‍ബായില്‍ പിതാവിനോടൊപ്പം പങ്കുചേര്‍ന്നു

മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തതോടെ സീറോ മലബാര്‍ സഭയ്ക്കു ഒരു പുതിയ ഉണര്‍വും ഉന്മേഷവും കൈവന്നു. ഷംഷാബാദ്, ഹോസൂര്‍ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതം മുഴുവനിലും അജപാലന ശുശ്രൂഷ ചെയ്യുവാനുള്ള സാധ്യത സീറോമലബാര്‍ സഭയ്ക്ക് പരിശുദ്ധ പിതാവ് നല്‍കി. സഭയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്.

അതുപോലെ തന്നെ ഫരീദാബാദ്, മെല്‍ബണ്‍, മിസ്സിസാഗ, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്ററുടെ നിയമനവും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോള സഭയുടെ കേന്ദ്രമായ റോമില്‍ സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി ഒരു ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിര്‍ണ്ണായകമായിരുന്നു.

ഓസ്‌ട്രേലിയായില്‍ മാത്രമൊതുങ്ങി നിന്നിരുന്ന മെല്‍ബണ്‍ രൂപതയുടെ അധികാര പരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടു 2021 മാര്‍ച്ച് 21-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവായതും സീറോമലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലന സൗകര്യങ്ങളുടെ വര്‍ദ്ധനവോടെ സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും പിതാവിന്റെ ശ്രദ്ധയും താല്‍പര്യവും ഏറെ പ്രകടമാണ്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് എന്ന നിലയില്‍, 35 രൂപതകളിലും അതിനു പുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വ ശുശ്രൂഷ നിര്‍വഹിക്കുന്ന പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.

അതോടൊപ്പം കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡണ്ട്, എക്യുമെനിക്കല്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡണ്ട് എന്നീ ഉത്തരവാദിത്വങ്ങളും പിതാവില്‍ നിക്ഷിപ്തമാണ്. സഭയിലെ വൈദിക പരിശീലന കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലര്‍ പദവിയും പിതാവാണ് വഹിക്കുന്നത്.

സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് ആലഞ്ചേരി പിതാവ്. കര്‍ദിനാളെന്ന നിലയില്‍ പിതാവ് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘ കാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്.

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയണാര്‍ഡോ സാന്ദ്രിയും സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജോ ഗല്ലാറോയും ഇന്ത്യയുടെ നിയുക്ത വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ലെയോ പോള്‍ദോ ജിറേല്ലിയും സീറോമലബാര്‍ സഭയുടെ തലവന് ആശംസകള്‍ നേര്‍ന്നു.

'സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് സീന്യൂസ് ലൈവിന്റെ ആശംസകള്‍'...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.