ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പേ മുസ്ലിം ഇതര മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍നിന്ന് പൗരത്വത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1955ലെ പൗരത്വ നിയമത്തെ പിന്‍പറ്റി 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം.
ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്ര ആഭ്യന്തര വകുപ്പ് അപേക്ഷ ക്ഷണിച്ചത്. സിഎഎയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.