രണ്ടാം മോഡി സര്‍ക്കാരിന് രണ്ട് വയസ്: കോവിഡ് ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

രണ്ടാം മോഡി സര്‍ക്കാരിന് രണ്ട് വയസ്: കോവിഡ് ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

ന്യുഡല്‍ഹി: രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ആഘോഷങ്ങള്‍ ഒഴിവാക്കി ഒരു ലക്ഷം ഗ്രാമങ്ങളിലെത്തി ജനങ്ങളെ കാണാനാണ് ബിജെപി അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം നരേന്ദ്രമോഡിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ് നികത്താനാകുമോ എന്ന ആശങ്കയോടെയാണ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

മോഡി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ വിശാലസഖ്യം എന്ന ആശയത്തിന്മേലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രതിപക്ഷ നിരയിലെ അനൈക്യം ദൃശ്യമാണ്. ഏകാധിപത്യ രീതിയില്‍ അജണ്ടകള്‍ ഒന്നൊന്നായി മോഡി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പ്രതിപക്ഷ സ്വരം തീരെ ദുര്‍ബലമായിരുന്നു.

കശ്മീര്‍ പുനഃസംഘടന മുതല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ വരെയുള്ള തീരുമാനങ്ങള്‍. പൗരത്വനിയമ ഭേദഗതി പ്രതിഷേധങ്ങളടക്കം ജനരോഷമുയര്‍ന്ന അവസരങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷ ഐക്യം പ്രകടമായതുമില്ല. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് താളം തെറ്റുന്നുവെന്ന് കണ്ടതോടെ ഇടക്കാലത്ത് നിശബ്ദമായ പ്രതിപക്ഷശബ്ദം ശക്തി പ്രാപിച്ചു തുടങ്ങി. രാഹുല്‍ഗാന്ധിയും, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും വിമര്‍ശന ശരങ്ങളുമായി കേന്ദ്രത്തിന് പിന്നാലെയുണ്ട്. രോഗവ്യാപനത്തിനും, മരണത്തിനും ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന വിമര്‍ശനം സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 'രണ്ടാംതരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്' എന്നാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.