ദുബായ്:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയതോടെ അവധിക്കും മറ്റുമായി നാട്ടിലേക്ക് പോയ പലരും പ്രതിസന്ധിയിലായി. യാത്രാനിയന്ത്രണം ജൂണ്‍ 15 വരെ നീട്ടിയതായി എമിറേറ്റ്സ് വ്യക്തമാക്കിയതോടെ അതിനുശേഷം യാത്രചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പലരും. 
അതേസമയം തന്നെ യുഎഇ അടക്കമുളള രാജ്യങ്ങള്‍ വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുമോയെന്നുളളതും ആശങ്കയാണ്. നിലവില്‍ അത്തരത്തിലൊരു തീരുമാനം യുഎഇ പ്രഖ്യാപിച്ചിട്ടില്ല. എങ്കില്‍ തന്നെയും നിബന്ധനകള്‍ വരാനുളള സാധ്യതയും വിരളമല്ല. അതുകൊണ്ടുതന്നെ നാട്ടില്‍ വാക്സിനേഷനുളള നടപടികള്‍ ലഭിക്കുമോയെന്നുളളതാണ് പലരും അന്വേഷിക്കുന്നത്.
നിലവില്‍ കേരളത്തില്‍ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു.  ഇതില്‍ തന്നെ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും  നല്‍കിയിട്ടുണ്ട്.  രണ്ട് ലിങ്കിലും പ്രവാസികള്‍ രജിസ്ട്രർ ചെയ്യണം.
 www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ നല്കി രജിസ്ട്രേഷന്‍ നടത്തണം.
 പ്രവാസിയെന്ന മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലാണ് രജിസ്ട്രർ ചെയ്യേണ്ടത്. 
ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന ഇൻഡിവിജ്വൽ റിക്വസ്റ്റ് (INDIVIDUAL REQUEST) എന്നതില്‍ ക്ലിക്ക് ചെയ്യണം. ശേഷം വരുന്ന ഡിസ്ക്ലൈമർ (Disclaimer )എന്ന മെസ്സേജ് ബോക്സ്  ക്ലോസ് ചെയ്യണം. ഒടിപി നമ്പർ കിട്ടാന്‍ നാട്ടിലുളള മൊബൈല്‍ നമ്പർ നല്‍കണം. ഒടിപി കിട്ടിയാല്‍ നല്‍കേണ്ട ബോക്സില്‍ നമ്പർ നല്‍കി വേരിഫൈ ചെയ്യുക. തുടർന്ന് രജിസ്ട്രേഷന്‍ ആരംഭിക്കാം.
ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ പ്രവാസി (Going Abroad )എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ നല്‍കുക. അതിന് ശേഷം വിവരങ്ങള്‍ വ്യക്തമാക്കുന്ന ഐഡി പ്രൂഫുകള്‍ അപ്ലോഡ് ചെയ്യണം. പ്രവാസികള്‍ പാസ്പോർട്ട് വിവരങ്ങള്‍ ആണ് നല്‍കേണ്ടത്.  പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യണം. ഓരോ ഫയലുകളും PDF/JPG എന്നീ ഫോർമാറ്റിൽ 500 കെബിയില്‍ യിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം. കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക നമ്പർ (കോവിന്‍ റഫറന്‍സ് ഐഡി ) നല്‍കണം. ഇതിന് ശേഷം അപേക്ഷ സമർപ്പിക്കാം. 
ഈ അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ മുന്‍കൂർ അനുമതി വ്യക്തമാക്കിയ എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോർട്ട് എന്നിവ കാണിക്കണം.  പ്രവാസികൾ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോർട്ട് നമ്പർ തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കോവിഡ് സർട്ടിഫിക്കറ്റിൽ പാസ് പോർട്  നമ്പർ കാണിക്കൂ. 
അവിടെ കോവിഷീല്‍ഡ് ഇവിടെ അസ്ട്രാസെനക്ക, ആശങ്കയിലായി പ്രവാസികള്‍ 
യുഎഇയിലേക്ക് തിരികെ വരുന്നതിന് വാക്സിനേഷന്‍ നിർബന്ധമാക്കിയിട്ടില്ല. യാത്രാവിലക്ക് അവസാനിക്കുന്ന മുറയ്ക്ക് അത്തരം തീരുമാനങ്ങളുണ്ടാകുന്നതിനുളള സാധ്യതയും തളളിക്കളയാനാവില്ല. സിനോഫോം, ഫൈസർ, ഓക്സ്ഫർഡ് അസ്ട്രാ സെനക്ക, സ്പുട്നിക് വാക്സിനുകളാണ് യുഎഇയില്‍ നല്‍കുന്നത്. ഇന്ത്യയില്‍ കോവീഷീല്‍ഡ് എന്ന പേരില്‍ നല്‍കുന്ന വാക്സിന്‍ സൗദിയും യുഎഇയും അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഓക്സ്ഫർഡ് അസ്ട്രാ സെനക്കയെന്ന പേരിലാണ് രജിസ്ട്രർ ചെയ്തിട്ടുളളത്. 
 ഓക്സ്ഫർഡ് അസ്ട്രാ സെനക്ക വാക്സിനെടുത്തവർക്ക് പ്രവേശിക്കാമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. അതായത്  കോവീഷീല്‍ഡെന്ന് വാക്സിനേഷന്‍ കാർഡില്‍ രേഖപ്പെടുത്തിയാല്‍ ഇളവ് ലഭിക്കണമെന്നില്ലെന്ന് അർത്ഥം.
അതേസമയം കേരളത്തില്‍ നിന്ന് വാക്സിനെടുക്കുന്നവർക്ക് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടാല്‍ വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്‍ അസ്ട്രസെനക്കയെന്ന് രേഖപ്പെടുത്തി കിട്ടും. അതിനായി പ്രവാസിയെന്ന രീതിയില്‍ രജിസ്ട്രേഷന്‍ നടത്തുകയും അസ്ട്രസെനക്കെയന്ന ഓപ്ഷന്‍ രജിസ്ട്രേഷന്‍ നേരത്ത് സെലക്ട് ചെയ്യുകയും വേണം. പിന്നീട് അപേക്ഷ പരിഗണിച്ച് ഏത് രാജ്യത്തേക്കാണ് പോകേണ്ടത് എന്നതടക്കമുളള കാര്യങ്ങള്‍ വിലയിരുത്തി ജില്ലാ അധികൃതരാണ് ഇതിന് അനുമതി നല്‍കേണ്ടത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.