പാലാ നല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയിരുന്നുവെന്ന് ജോസ് കെ മാണി

പാലാ നല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന്  എല്‍ഡിഎഫ് ഉറപ്പുനല്‍കിയിരുന്നുവെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ മണ്ഡലം തനിക്ക് വിട്ടു നല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്ന് ജോസ് കെ മാണി. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ഡിഎഫ് ശൈലി. മറ്റൊരിടത്തേക്ക് മാറി മത്സരിക്കാന്‍ കാപ്പന്‍ തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും ജോസ് കെ മാണി പറയുന്നു. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മത്സരിക്കണമെന്നത് താനെടുത്ത രാഷ്ട്രീയ തീരുമാനമാണ്. സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നു.അങ്ങനെ ചെയ്താല്‍ പിന്നീട് പല ചോദ്യങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ അടക്കം മറുപടി പറയേണ്ടി വരുമെന്നതിനാലാണ് പാലായില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി പല കോണ്‍ഗ്രസ് നേതാക്കളും സമീപിച്ചിട്ടുണ്ട്. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഎം, സിപിഐ മാതൃകയില്‍ ലെവി സമ്പ്രദായത്തിന് തുടക്കം കുറിയ്ക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എല്‍ഡിഎഫില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അണികള്‍ ചോരാതിരിക്കാന്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറണമെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.