സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രീം കോടതി പരിശോധിക്കും. പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍‍ര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത്.

നാളെ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമതീരുമാനം വരാനിരിക്കെ കോടതി നീരീക്ഷണം പ്രധാനമാകും. അതേസമയം മൂന്ന് വര്‍ഷത്തെ മാര്‍ക്ക് കണക്കിലെടുത്ത് ഇന്റേണല്‍ മാര്‍ക്ക് നല്‍കി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്രസര്‍ക്കാരില്‍ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.ഒൻപത്, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.

ഐസിഎസ്‌ഇ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മൂന്നു ക്ലാസുകളിലെ ശരാശരി മാര്‍ക്ക് അറിയിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്കിയിരുന്നു. ഇതോടെയാണ് സിബിഎസ്‌ഇയും ഇതേ വഴിക്ക് നീങ്ങുന്നു എന്ന സൂചന പുറത്തു വന്നത്. പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്.

ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒന്നുകില്‍ ഓഗസ്റ്റില്‍ പരീക്ഷ നടത്തുക അതെല്ലെങ്കില്‍ പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പമാണ് മൂന്നു വര്‍ഷത്തെ ഇന്റേണല്‍ മാര്‍ക്ക് എന്ന സാധ്യത കൂടി അവസാന നിമിഷം പരിഗണനയില്‍ ഉള്ളത്. ഇത് സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.