ന്യൂഡല്‍ഹി: ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പ്രമേയം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ എന്തു പരിഷ്‌കരണം വരുത്തണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ അധികാരമാണ്. ബിജെപി വിരോധത്തിന്റെ പേരില്‍ ഇതില്‍ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിന്റെ സംസ്‌കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാണ് ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത്. കടലാക്രമണത്താല്‍ ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുകയാണ്. അതിനാല്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നും അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
കേന്ദ്രം 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്. ദ്വീപിലെ കുടിവെള്ള പ്രശ്‌നവും യാത്രാ പ്രശ്‌നവും പരിഹരിച്ചു. ഇനി ഡിജിറ്റല്‍ സൗകര്യങ്ങളാണ് ദ്വീപ് വാസികള്‍ക്ക് വേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.